മുസ്ലിം സ്ത്രീകളെ വിൽപ്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ രണ്ടാമത്തെ അറസ്റ്റ്

Crime India News

മുംബൈ : മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ രണ്ടാമത്തെ അറസ്റ്റ്. സംഭവത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ മുംബൈ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ പിടിയിലായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും യുവതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്തിരുന്നത്. ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ 21കാരൻ വിശാൽ കുമാർ, ഖൽസ സുപ്രീമിസ്റ്റ് എന്ന പേരിലാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. കഴിഞ്ഞ വർഷം ‘സുള്ളി ഡീൽസ്’ എന്ന പേരിൽ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിൻ്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു.