കവളപ്പാറ രണ്ടാംഘട്ട പുനരധിവാസത്തിലും രാഷ്ട്രീയക്കളി ?

Breaking Keralam News

മലപ്പുറം: പ്രളയ ദുരന്തസമയത്ത് ഉരുള്‍പൊട്ടി 59 ജീവന്‍ കവര്‍ന്ന കവളപ്പാറ ദുരന്തത്തിന്റെ രണ്ടാം ഘട്ട പുനരധിവാസ പട്ടികയില്‍ രാഷ്ട്രീയക്കളി നടത്തി അര്‍ഹരായ 60 തോളം കുടുംബങ്ങളെ തഴഞ്ഞതായി പരാതി. അപകടഭീഷണിയെതുടര്‍ന്ന് മാറിതാമസിക്കണമെന്ന് മൈനിങ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ച 22 ആദിവാസികുടുംബങ്ങളും കവളപ്പാറ തോടിന് ഇരുവശവുമുള്ള 16 കുടുംബങ്ങളും ഉള്‍പ്പെടെ അറുപതോളം കുടുംബങ്ങള്‍ പുതിയ പട്ടികയില്‍ ഇല്ല. സി.പി.എം പാര്‍ട്ടിഅംഗങ്ങള്‍ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ഹരായ പാവങ്ങളെ തഴഞ്ഞുവെന്ന് കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനറും പഞ്ചായത്തംഗവുമായ എം.എസ് ദിലീപ് പറഞ്ഞു. തൊട്ടടുത്ത നാലു വീടുകളില്‍ പാര്‍ട്ടിഭാരവാഹിയുടെ വീട് മാത്രം ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിലും പുനരധിവാസം പൂര്‍ത്തിയാകാഞ്ഞതോടെ അര്‍ഹരായ മുഴുവന്‍കുടുബങ്ങളെയും പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കവളപ്പാറ കോളനികൂട്ടായ്മ കണ്‍വീനര്‍ എം.എസ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിശദീകരണം തേടിയതോടെയാണ് 26 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 2.60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഒരു കുടുംബത്തിന് 10 ലക്ഷം രൂപവീതമാണുള്ളത്. ഇതില്‍ 6ലക്ഷം രൂപ സ്ഥലം വാങ്ങാനും 4 ലക്ഷം വീട് നിര്‍മ്മിക്കാനുമാണ്.
കവളപ്പാറ ദുരന്തം കഴിഞ്ഞപ്പോള്‍ ആറു മാസത്തിനകം പുനരധിവാസം പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ദുരന്തത്തില്‍ ഉറ്റവരെയും വീടും പുരയിടവും ഉള്‍പ്പടെ സകലതും നഷ്ടപ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ല് അങ്ങാടിയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്.