കണ്ണൂരിൽ വാക്സിനെടുക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Keralam News

ഇനി വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാവുന്നു. കണ്ണൂർ ജില്ലയിലാണ് വാക്സിൻ എടുക്കുന്നതിനും വാണിജ്യ മേഖല അടക്കമുള്ള തൊഴിൽ രംഗത്ത് ജോലി ചെയ്യുന്നതിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.

കോവിഡ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സുരക്ഷാ ഉറപ്പാക്കി തന്നെ എങ്ങനെ സാധാരണ ജീവിതം മടക്കി കൊണ്ടുവരാനാകും എന്ന ആലോചനയിലാണ് കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നത്. ആവശ്യമായ എല്ലാ മേഖലയിലും ഇതിന്റെ ഭാഗമായി രണ്ടു വാക്‌സിനോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും.

ആകെ നൽകുന്ന വാക്സിന്റെ 50 ശതമാനം ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ഉണ്ടാക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ്. ഇവർ വാക്സിൻ എടുക്കുന്നതിനു മുൻപായി നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി വാക്സിൻ വിതരണത്തിൽ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർ 15 ദിവസത്തിലൊരിക്കൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണം.

പൊതു ഇടങ്ങളും തൊഴിലിടങ്ങളും കോവിഡ് വ്യാപനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കി ഇത്തരം ഇടങ്ങളെ സാധാരണ രീതിയിൽ പ്രവർത്തനയോഗ്യമാക്കുവാനാണ് പുതിയ നിർദേശങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.