നാട്ടുകാരുടെ പ്രതിഷേധത്തിൽ മിന്നൽ മുരളിയുടെ ഷൂട്ടിങ് മുടങ്ങി

Keralam News

തൊടുപുഴ: നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് മിന്നൽ മുരളിയുടെ ചിത്രീകരണം മുടങ്ങി. കുമാരമംഗലം പഞ്ചായത്തിലായിരുന്നു മിന്നൽ മുരളിയുടെ ചിത്രീകരണം നടന്നിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടതലായതിനാൽ ഈ പ്രദേശം ഡി ക്യാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡി ക്യാറ്റഗറിയിൽ ഉള്ള പ്രദേശമായതിനാൽ സിനിമയുടെ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം.

ഷൂട്ടിങ് തുടങ്ങിയത് കളക്ടറുടെ അനുമതി ഉണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു. എന്നാൽ കളക്ടറും പഞ്ചായത്ത് മെമ്പറും അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചു. നാട്ടുകാരോടും മാധ്യമങ്ങളോടും പോലീസുകാർ പറഞ്ഞിരുന്നത് പ്രത്യേക അനുമതി ഉണ്ടെന്നാണ്. കാലൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ വാഹനമോടിച്ചെന്നും പറഞ്ഞ് പോലീസ് പിഴ ഈടാക്കിയിരുന്നു. കണ്ടയ്നമെന്റ് സോണിൽ വാഹനമോടിച്ചു എന്നതായിരുന്നു കുറ്റം.

അതിനാൽ സി.ഐയിൽ നിന്നും ലൈസെൻസ് തിരികെ വാങ്ങാൻ പോയപ്പോഴാണ് ഷൂട്ടിങ് നടക്കുന്നത് കാണുന്നത്. അതും പോലീസ് സഹായത്തോടെ. ഇത് ചോദ്യം ചെയ്യുകയും തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ രംഗം വഷളാവുകയുമായിരുന്നു. തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും അണിയറപ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.