കോവിഡ് മൂലം മരിച്ച മാധ്യമപ്രവര്‍ത്തകർക്ക് ധനസഹായവുമായി ഒഡിഷ

India News

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകർക്ക് ധനസഹായം നൽകി ഒഡിഷ സർക്കാർ. രോഗം ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിനാണ് രണ്ടര കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നൽകുക.

കോവിഡ് ബാധിതരായി മരിച്ച മാധ്യമപ്രവർത്തകർക്ക് ധനസഹായം നൽകണമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മാധ്യമപ്രവർത്തകന്റെ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നല്കാൻ സർക്കാർ തീരുമാനിച്ചത്.

ധനസഹായം ലഭിക്കുന്ന മാധ്യമ പ്രവർത്തകരുടെ പേരും മറ്റു വിവരങ്ങളും സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ഇവരിൽ ഏഴുപേർ ഗന്‍ജാമില്‍ നിന്നും നാല് പേർ ഭുവനേശ്വറില്‍ നിന്നും മറ്റുള്ളവർ ബലങ്കിറി, ജാജ്പൂർ, കാലാഹാണ്ഡി എന്നിവിടങ്ങളിൽ നിന്നാണ്.

മാധ്യമപ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നാണ് ഇവർക്കായുള്ള സഹായധനം നൽകുക. ഇത് പ്രഖ്യാപിച്ചതിനു ശേഷവും അപേക്ഷകള്‍ വരുന്നുണ്ടെന്നും, കൃത്യമായ അന്വേഷണത്തിനു ശേഷം അര്ഹരായവർക്ക് സഹായം നൽകുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തിനോടൊപ്പം അറിയിച്ചിട്ടുണ്ട്.