ഡിജിറ്റൽ പണമിടപാടുകൾക്കായി ഇനി ഇ-റുപ്പി

India News

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇ-റുപ്പി എന്ന പേരിലുള്ള പദ്ധതി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി അവതരിപ്പിക്കും.

നാഷണൽ പേയ്‌മെന്റ് കോർപറേഷനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി കൂടിച്ചേർന്ന് ഇലക്​ട്രോണിക്​ വൗച്ചര്‍ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്‍റ്​ സിസ്റ്റം നിർമ്മിച്ചത്. യു.പി.ഐ പ്ലാറ്റ്​ഫോമിലാണ് സിസ്റ്റം​ വികസിപ്പിച്ചിരിക്കുന്നത്. പണ -സമ്പർക്ക രഹിത മാർഗം അനുസരിച്ചുള്ള ഇ റുപ്പിയിൽ മൊബൈൽ ഫോൺ വഴി ക്യു ആര്‍ കോഡോ എസ്​.എം.എസ്​ അടിസ്ഥാനമാക്കിയുള്ള ഇ -വൗച്ചറോ ഉപഭോക്താക്കളിലേക്ക് എത്തും. അതിനാൽ തന്നെ കാര്‍ഡ്​, ഡിജിറ്റല്‍ പേമെന്‍റ്​ ആപ്പ്​, ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ എന്നിവ കൂടാതെ ഉപഭോക്താവിന്​ വൗച്ചര്‍ വീണ്ടെടുക്കാന്‍ സാധിക്കും.

ഇ -റുപ്പിയുടെ ഉപഭോക്താക്കളെയും സേവന ദാതാക്കളെയും സിസ്റ്റത്തിന്റെ സ്​പോണ്‍സര്‍മാരുമായി ഡിജിറ്റലായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇടപടി പൂർണമായാൽ മാത്രമേ പണം സേവന ദാതാവിന് ലഭിക്കൂ. പ്രീ പെയ്​ഡ്​ സേവനമായതിനാൽ പണം കൃത്യമായി എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാം.

ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ആയുഷ്​മാര്‍ ഭാരത്​ പ്രധാന്‍ മന്ത്രി ജന്‍ ​ആരോഗ്യ യോജന, വളം സബ്​സിഡികള്‍ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കും സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനായുള്ള സ്വകാര്യ മേഖലയിലും ഇ -റുപ്പി ഉപയോഗപ്പെടുത്താനാവും.