കോളേജ് ഹോസ്റ്റലിൽ വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ; വിവരമറിയിച്ചില്ലെന്ന പരാതിയുമായി ബന്ധുക്കൾ

Education Keralam News

അമ്പലപ്പുഴ : കോളജ്‌ ഹോസ്‌റ്റലില്‍ വിദ്യാര്‍ഥിനിക്ക്‌ വീണ്‌ പരുക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന്‌ ബന്ധുക്കളുടെ പരാതി. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ സുലൈഹ്‌ മന്‍സിലില്‍ നൗഷാദ്‌, റജീന ദമ്പതികളുടെ മകള്‍ ലൈസ്‌ന(19)ക്കാണു വീണ് പരിക്കേറ്റത്. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിങ്‌ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ലൈസ്‌ന കോളജ്‌ ഹോസ്‌റ്റലില്‍വച്ച്‌ കഴിഞ്ഞ മാസം 31നാണു വീണത്‌.

കനത്ത മഴയെത്തുടർന്ന് ഹോസ്‌റ്റല്‍ പരിസരമാകെ ചെളിവെള്ളം നിറഞ്ഞു കിടക്കുന്നതിന് പരിഹാരം കാണണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം കോളജ്‌ അധികൃതര്‍ ചെവി കൊണ്ടിരുന്നില്ല. വീണ്‌ ഗുരുതര പരുക്കേറ്റ കുട്ടിയെ കോളജ്‌ അധികൃതര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ്‌ ആരോപണം.

പിന്നീട് കുട്ടിയുടെ സുഹൃത്തുക്കൾ മുഖേന വിവരമറിഞ്ഞ വീട്ടുകാർ ആശുപത്രിയിയിലെത്തിയപ്പോള്‍ ശരീരമാകെ നീരും പനിയും ശ്വാസം മുട്ടലും ബാധിച്ച്‌ ലൈസ്‌ന ഗുരുതരാവസ്‌ഥയിലായിരുന്നു. എണ്ണായിരം രൂപയുടെ ആശുപത്രി ബില്ല്‌ അടയ്‌ക്കാന്‍ കോളജ്‌ അധികൃതര്‍ ബന്ധുക്കളോട്‌ ആവശ്യപ്പെടും ചെയ്തു.

തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയ പെൺകുട്ടി ന്യൂമോണിയ ബാധിതയാണ്. ഓക്‌സിജന്റെ സഹായത്താലാണ്‌ ലൈസ്‌ന കഴിയുന്നത്‌. കോളജ്‌ അധികൃതർക്കെതിരെ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.