നിലമ്പൂര്‍ വനത്തിലെ ആദിവാസികള്‍ക്ക് വെള്ളവും ബയോ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവും നടപ്പാക്കിയില്ല

Keralam News

നിലമ്പൂർ :പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് നാല് വര്‍ഷമായി നിലമ്പൂര്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ച്ചക്കകം കുടിവെള്ളവും ബയോ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒരു മാസമായിട്ടും നടപ്പാക്കിയില്ല. പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് 4 വര്‍ഷമായി ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലെ ഷെഡുകളില്‍ ദുരിത ജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആഗസ്റ്റ് 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കകം കുടിവെള്ളവും ആവശ്യമായ ബയോ ടോയിലറ്റുകളും എത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് ഒരുമാസമായിട്ടും നടപ്പാക്കാഞ്ഞത്. മൂന്നാം ഓണത്തിന് ഐ.ടി.ഡി.പി അധികൃതര്‍ ഒരോ ബയോ ടോയിലറ്റുകള്‍ തരിപ്പപൊട്ടി, വാണിയമ്പുഴ കോളനികളിലെത്തിച്ച് മടങ്ങുകയായിരുന്നു. നാലു കോളനികളിലായി 130 കുടുംബങ്ങളിലെ 620 പേര്‍ക്കാണ് കേവലം 2 ബയോ ടോയിലറ്റുകള്‍ നല്‍കിയിട്ടുള്ളത്. ടോയിലറ്റിലേക്ക് പൈപ്പ് ലൈന്‍ സംവിധാനമടക്കം ഒരുക്കിയിട്ടുമില്ല. കുടിവെള്ള വിതരണത്തിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രളയത്തില്‍ തകര്‍ന്ന പാലവും വീടുകളും പുനര്‍നിര്‍മ്മിക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിചെയ്യാന്‍ മതിയായ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത്, മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
2019ലെ പ്രളയത്തിലാണ് ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവില്‍ പാലം ഒലിച്ചുപോയി മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാര്‍ ഒറ്റപ്പെട്ടത്.
ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികള്‍ സന്ദര്‍ശിച്ച് മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് എം. ഷാബിര്‍ ഇബ്രാഹിം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വനത്തിനുള്ളിലെ ആദിവാസികളുടെയ ദയനീയ ജീവിതം വ്യക്തമാക്കിയിരുന്നു.
ശുചിമുറിയോ വൈദ്യുതിയോ ഇവിടെയില്ലെന്നും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു ഷീ ടോയ്‌ലറ്റ് മാത്രമാണുള്ളതെന്നും കുടിവെള്ള സൗകര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രളയത്തിന് മുമ്പ് വൈദ്യുതീകരിച്ച കോണ്‍ക്രീറ്റ് വീടുകളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉള്‍വനത്തിലെ പുഞ്ചകൊല്ലി, അളക്കല്‍ കോളനിവാസികള്‍ക്കുമുളളത്. 2018ലെ പ്രളയത്തില്‍ പുന്നപ്പുഴക്ക് കുറെകെയുള്ള ഇരുമ്പുപാലവും വീടുകളും തകര്‍ന്നതോടെയാണ് ഇരുകോളനിക്കാരും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. ഇവര്‍ക്കും മുളകൊണ്ടുള്ള ചങ്ങാടമാണ് പുഴകടക്കാന്‍ ആശ്രയം.
2019ലെ പ്രളയത്തില്‍ കരിമ്പുഴ ഗതിമാറി ഒഴുകിയാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല, പുലിമുണ്ട കോളനിയിലുള്ളവരുടെ വീടുകള്‍ നഷ്ടമായത്. ഇവരും ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടിയ കുടിലുകളിലാണ് കഴിയുന്നത്. ഈ കോളനികളിലേക്ക് അധികൃതര്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. പ്രളയത്തില്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ 4 വര്‍ഷമായി നരകയാതന അനുഭവിച്ചിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ ഇവര്‍ക്ക് സഹായമെത്തിക്കാനുള്ള ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാത്തത് വേദനാജനകമാണെന്ന് ഹരജിക്കാരനായ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് ഹൈക്കോടതി ഒക്ടോബര്‍ 5നാണ് വീണ്ടും പരിഗണിക്കുന്നത്.