കുട്ടികള്‍ക്കുള്ള വാക്സിൻ വിതരണം സെപ്റ്റംബറിൽ- എയിംസ് മേധാവി

Health India News

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബറോടെ തുടങ്ങുമെന്ന് എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഫൈസര്‍, കൊവാക്സിന്‍, സൈഡസ് എന്നീ വാക്സിനുകൾ സെപ്റ്റംബര്‍ ആദ്യവാരം മുതൽ കുട്ടികള്‍ക്ക് കൊടുത്തു തുടങ്ങാനാകുമെന്നാണ് എന്‍ഡിടിവിയോട് അദ്ദേഹം പറഞ്ഞത്.

“സൈഡസിന്റെ ട്രയല്‍ കഴിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി കത്ത് നിൽക്കുകയാണവർ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ട്രയല്‍ ഓഗസ്റ്റ് സെപ്റ്റംബറോടെ പൂര്‍ത്തിയാകും.അതിനുശേഷം സെപ്റ്റംബറോടെ അനുമതി കിട്ടുകയും ചെയ്യും. ഫൈസര്‍ വാക്‌സിന്‍ ഇതിനോടകം അനുമതി ലഭിച്ചു കഴിഞ്ഞു. അതിനാൽ തന്നെ സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് വ്യാപനം കുറയ്ക്കാൻ ഇത് കൂടുതല്‍ സഹായിക്കും”, ഡോ ഗുലേറിയ വിശദീകരിച്ചു.

രാജ്യത്തെ മുതിര്‍ന്നവർക്കുള്ള വാക്സിൻ വിതരണം ഈ വര്‍ഷം അവസാനത്തോടെ മുഴുവനായി കൊടുത്തു തീർക്കാൻ കഴിഞ്ഞേക്കുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം. ഇതുവരെ 42 കോടി വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.