അടുത്തമാസം മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അറിയേണ്ടതെല്ലാം..

Education Keralam News

നസ്‌റീന തങ്കയത്തില്‍

അടുത്തമാസം മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ, തുടക്കം ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ നിന്നാവാമെന്ന് സാങ്കേതിക വിദഗ്ധസമിതിയുടെ ശിപാര്‍ശ. രോഗ പ്രതിരോധ ശേഷി ചെറിയ കുട്ടികള്‍ക്ക് കൂടുതലായതിനാലാണ് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ ആദ്യം തുറന്ന് പ്രവര്‍ത്തിക്കാമെന്ന നിര്‍ദേശം സമിതി മുന്നോട്ട് വെച്ചത്.

അതോടൊപ്പം പൊതുപരീക്ഷ എഴുതേണ്ടവരാണെന്ന പരിഗണനയില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു ക്ലാസ്സുകളും തുടങ്ങാമെന്നും നിര്‍ദേശത്തിലുണ്ട്. പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കേസില്‍ ഇന്ന് സുപ്രീം കോടതി വിധി വരാനിരിക്കെ , സ്‌കൂള്‍ തുറക്കുന്നതിനെപ്പറ്റി കോടതി വിധിയില്‍ പരാമര്‍ശമുണ്ടോ എന്ന് പരിശോധിച്ച ശേഷമാവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക.

നവംബറില്‍ കോളേജുകളില്‍ ക്ലാസ് തുടങ്ങാന്‍ സര്‍ക്കാര്‍ മുന്നേ തീരുമാനിച്ചിരുന്നു. കോളേജുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞുമെന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തുക. പകുതി കുട്ടികള്‍ മാത്രമേ ഒരേ സമയം ക്ലാസ്സുകളില്‍ ഉണ്ടാവുകയുള്ളൂ. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇതിനോടൊപ്പം തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. അതുവഴി കോവിഡ് വ്യാപനം തടയാനും കൂടെത്തന്നെ സ്‌കൂളുകള്‍ തുറക്കാനുമുള്ള സാഹചര്യവും ഒരുങ്ങും.
അതേസമയം ഓരോ സംസ്ഥാനത്തിനും അവിടുത്തെ സാഹചര്യമനുസരിച്ച് സ്‌കൂളുകള്‍ തുറക്കാനുള്ള അനുമതി സി.ബി.എസ്.ഇ നല്‍കിയിട്ടുണ്ട്.

മൂന്നാം തരംഗവും കുട്ടികളും

കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കാവും കൂടുതല്‍ പ്രയാസം നേരിടുമെന്ന പ്രചാരണം വ്യാപകമായിക്കൊണ്ടിരിക്കെത്തന്നെ സ്‌കൂളുകള്‍ ലോവര്‍പ്രൈമറി തൊട്ട് തുടങ്ങാമെന്ന നിര്‍ദ്ദേശം രക്ഷിതാക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്ന് തീര്‍ച്ചയാണ്.
ശാസ്ത്രീയമായ രീതിയില്‍ ചിന്തിക്കുമ്പോള്‍ കോവിഡിനെതിരെയുള്ള പ്രതിരോധം നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടാവും. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് രോഗം പകരാന്‍ ഏറ്റവുമധികം സാധ്യത മാതാപിതാക്കളില്‍ നിന്ന് തന്നെയാണ്. അവര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുന്നതിനുസരിച്ച് ഈ സാധ്യത നല്ല രീതിയില്‍ തന്നെ കുറയുകയും ചെയ്യും. കൂടെത്തന്നെ പല രക്ഷിതാക്കളിലും കോവിഡ് വന്നു പോയത് കൊണ്ട് ആര്‍ജ്ജിത പ്രതിരോധവും കൈവരിച്ചിട്ടുണ്ടാവും. മാത്രമല്ല, ഒരേ വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് വന്ന വൈറസ് ഇതിനോടകം തന്നെ കുട്ടികളില്‍ വ്യാപിച്ചിരിക്കാനുള്ള സാധ്യതയും മാറ്റിനിര്‍ത്താനാവില്ല. കുഞ്ഞുങ്ങളില്‍ പൊതുവെ രോഗ ലക്ഷണങ്ങള്‍ കുറവായതിനാല്‍ എത്ര പേര്‍ക്ക് കോവിഡ് വന്ന ശേഷമുള്ള പ്രതിരോധം വന്നുവെന്നും കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും നല്ലൊരു ശതമാനം കുട്ടികള്‍ക്കും ഇത്തരത്തില്‍ പ്രതിരോധ ശേഷി കിട്ടിയിട്ടുണ്ടാവുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ തന്നെ മൂന്നാം തരംഗത്തില്‍ നിന്നും ഇവര്‍ ഒഴിവാകുകയും ചെയ്യും.

എന്നിരുന്നാലും കുട്ടികള്‍ക്ക് ഏതെല്ലാം വഴി കോവിഡ് ബാധിക്കാമെന്നും രോഗം പിടിപെട്ടാല്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2 -14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗ തീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വളരെ വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കം, തലവേദന, ശരീരവേദന, തളര്‍ച്ച, തുടങ്ങിയവയും മണം, രുചി, എന്നിവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടും ഉണ്ടാവാറുണ്ട്.

കുഞ്ഞുങ്ങളിലെ കോവിഡിനെ പ്രതിരോധിക്കാന്‍, കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോള്‍, അവരെ ചികിത്സിക്കാന്‍ ആവശ്യമായ മാര്‍ഗരേഖ , ഡിസ്ചാര്‍ജ് നയം, എന്നിവ സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു. കോവിഡ് വന്ന കുട്ടികളില്‍ വളരെ അപൂര്‍വ്വമായി കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ആശുപത്രികളില്‍ കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ കൂട്ടാനുള്ള പരിശ്രമങ്ങളും നടന്നുവരുന്നുണ്ട്.

മാതാപിതാക്കള്‍ ചെയ്യേണ്ടത്

കോവിഡിനെ കുറിച്ചുള്ള അവബോധം കുട്ടികളില്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അതൊരിക്കലും ഭയപ്പെടുത്തുന്ന രീതിയില്‍ ആവാന്‍ പാടില്ല. ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രം അവരിലെത്തിക്കുക. തെറ്റിദ്ധരിപ്പിക്കുന്ന ഒന്നും കുഞ്ഞുങ്ങളിലേക്ക് എത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

  • കുഞ്ഞുങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ വേണ്ടി കഴിയുന്നതും വീട്ടില്‍ തന്നെ കഴിയാന്‍ ശ്രമിക്കണം.
  • കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും/ സാനിറ്റയ്‌സര്‍ ഉപയോഗിച്ച് ശുദ്ധമാക്കുക.
  • പുറത്തുപോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കുകയും മാസ്‌ക്കിന്റെ പുറംഭാഗം സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുക.
  • സാമൂഹിക അകലം കൃത്യമായി പാലിക്കുക.
  • കുട്ടികള്‍ക്ക് വീടുകളില്‍ തന്നെ കളിക്കാനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കുക.
  • കുട്ടികളുമായി കൂടുതല്‍ സമയം ചിലവഴിക്കാനും കളികളില്‍ പങ്കാളികളാവാനും ശ്രമിക്കുക.
  • കുട്ടികളില്‍ വരുന്ന സ്വഭാവ മാറ്റങ്ങള്‍ നിരീക്ഷിച്ച് കൃത്യമായ ചികിത്സകള്‍ നല്‍കുക.
  • കുട്ടികള്‍ക്കുള്ള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കുക. ഇവ എടുക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ കൊറോണയെക്കാള്‍ തീവ്രവും മരണകാരണമായേക്കാവുന്നതുമാണ്.

കുഞ്ഞുങ്ങളില്‍ രോഗ ലക്ഷണം കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാനും ശ്രമിക്കണം. എന്നാല്‍ മാത്രമേ രോഗനിര്‍ണ്ണയം ശരിയായ രീതിയില്‍ മടത്താണ് സാധിക്കുകയുള്ളൂ. ശ്വാസംമുട്ട്, ഉറക്കക്കൂടുതല്‍ , തളര്‍ച്ച, നിര്‍ജ്ജലീകരണം, കടുത്ത പനി എന്നിവയുണ്ടെങ്കില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വളരെ വേഗം തന്നെ വൈദ്യ സഹായം തേടുകയും ചെയ്യേണ്ടതാണ്.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നു. തമിഴ്നാട്ടില്‍ പരീക്ഷണാര്‍ത്ഥം ക്ലാസുകള്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അടക്കേണ്ടി വന്നു. രാജസ്ഥാനില്‍ പകുതി വിദ്യാര്‍ത്ഥികളുമായി ആഴ്ചയില്‍ ആറു ദിവസമാണ് ക്ലാസ് നടത്തുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറവുള്ള ഗ്രാമീണ മേഖലയില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്.