ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈകോടതി തള്ളി

India News

ലക്ഷദ്വീപിൽ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി. ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണങ്ങളിലെ പരിഷ്‌കരണവും, ഡയറി ഫാം അടച്ചുപൂട്ടിയതുമെല്ലാം ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

നയപരമായ വിഷയമാണിതെന്നും, കോടതിക്ക് ഇതിൽ ഇടപെടാനുള്ള അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഡയറി ഫാം നഷ്ടം സഹിച്ചുകൊണ്ട് നടത്താനാവില്ലെന്നും, പോഷകാഹാരം നിർബന്ധമായും നൽകണമെന്ന നിർദേശത്തിനു ബീഫ് തന്നെ നൽകേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ഭരണപരിഷ്‌ക്കാരങ്ങൾ റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനും എതിർപ്പുണ്ടായിരുന്നു. ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ തീരുമാനങ്ങളാണെന്നും, കോടതിക്ക് അതിൽ ഇടപെടാനാവില്ലെന്നും കേന്ദ്രം ആദ്യമേ അറിയിച്ചിരുന്നു.