കരിപ്പൂർ വിമാനാപകടം പൈലറ്റിൻ്റെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്

Keralam News

കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വെളിപ്പെടുത്തൽ നടത്തിയത്. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിന് ശേഷം തയ്യാറാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് പൈലറ്റിൻ്റെ പിഴവിനെ കുറിച്ച് വെളിപ്പെടുത്തലുകൾ ഉള്ളത്.

കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് പതിവ് രീതികൾ അവലംബിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്നത് വിശദമായ പരിശോധനകൾ നടത്തിയാലേ അറിയാൻ കഴിയൂ എന്നും റിപ്പോർട്ടിലുണ്ട്. റൺവേയുടെ പകുതി കഴിഞ്ഞതിന് ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.

കരിപ്പൂർ വിമാന ദുരന്തം സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യോമയാന മന്ത്രാലയത്തിന് വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്നും റിപ്പോർട്ട് അനുസരിച്ചുള്ള നടപടിക്രമങ്ങൾ കരിപ്പൂരിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം ആഗസ്തിലാണ് കരിപ്പൂരിൽ ദുബൈയിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാർ അടക്കം ഇരുപത്തൊന്ന് പേർ മരണപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.