കോവിഡിന് ശേഷം കേരളത്തിലെ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാവുന്നു; രാജ്യത്ത് രണ്ടാം സ്ഥാനത്ത്

India Keralam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലെ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാവുന്നു. കോവിഡ് വരുന്നതിനു മുൻപ് 2019 ഒക്ടോബര് മുതൽ ഡിസംബർ വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36.3 ശതമാനമായിരുന്നെങ്കിൽ 2020-ൽ ഇത് ഉയർന്ന് 43 ശതമാനമായി. ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ 2020 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ പിരിയോഡിക് ലേബർഫോഴ്സ് സർവേ പ്രകാരമായുള്ള കണക്കുകളാണിത്.

എന്നാൽ ഇന്ത്യയിൽ കോവിഡിന് മുൻപ് ഏറ്റവും കൂടുതൽ തൊഴിലിൽ ഇല്ലാത്തവർ കേരളത്തിലായിരുന്നുവെങ്കിൽ ഇപ്പോൾ ജമ്മു കാശ്മീരാണ് ഒന്നാം സ്ഥാനത്തുള്ളത്. 43.9 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ. പതിനഞ്ചിനും ഇരുപത്തി ഒമ്പതിനും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവതികൾ 55.7 ശതമാനവും യുവാക്കൾ 37.1 ശതമാനവും തൊഴിലില്ലായ്മ നേരിടുന്നുണ്ട്. അഭ്യസ്തവിദ്യരും തൊഴിലെടുക്കാൻ സന്നദ്ധരുമായ യുവതി യുവാക്കളിൽ ആഴ്ചയിൽ ഒരുദിവസം ഒരുമണിക്കൂർപോലും തൊഴിലെടുക്കാത്തവരെയാണ് സർവേ പ്രകാരം തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്.

ഇതേ കാലയളവിൽ എല്ലാ പ്രായക്കാരിലുമായി 16.7 ശതമാനം തൊഴിലില്ലായ്മ കേരളത്തിലുണ്ട്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം ഇത് 27.3 ശതമാനം ആയിരുന്നു. രണ്ടാം തരംഗത്തിന് ശേഷം ഇതിനു കാര്യമായ കുറവ് വന്നിട്ടുണ്ട്. എല്ലാ പ്രായക്കാരിലുമായി തൊഴിലില്ലാത്തവരുടെ എണ്ണമെടുത്താലും കേരളം തന്നെയാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്. ഇതിലും ഒന്നാം സ്ഥാനം ജമ്മുകശ്മീരാണ്. ഏറ്റവും കുറവ് തൊഴിലില്ലായ്മ നേരിടുന്നത് ഗുജറാത്താണ്. നാലു ശതമാനം മാത്രമാണ് ഇവിടത്തെ തൊഴിലില്ലായ്മ.