കോവിഡ് വാക്‌സിനേഷനിൽ 100%വുമായി ഭുവനേശ്വര്‍

Health India News

ഭുവനേശ്വര്‍: എല്ലാ നിവാസികളും ആദ്യഡോസ് വാക്സിൻ എടുത്ത ഇന്ത്യയിലെ ആദ്യ നഗരമായി ഒഡീഷയിലെ ഭുവനേശ്വര്‍. ഇവിടത്തെ മുഴുവൻ സ്​ഥിര താമസക്കാരോടൊപ്പം ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളും കോവിഡ് പ്രതിരോധ വാക്​സിന്‍ എടുത്തുകഴിഞ്ഞു.

കഴിഞ്ഞ ജൂലൈ 31നകം നഗരവാസികൾക്ക് വാക്സിൻ നൽകണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച അധികൃതരുടെ പ്രയത്‌നഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഏല്ലാവർക്കും ആദ്യ വാക്സിൻ എന്നതിനോടൊപ്പം 9,07,000 പേര്‍ക്ക്​ രണ്ടാംഘട്ട വാക്​സിനും ഇവിടെ നൽകി കഴിഞ്ഞിട്ടുണ്ട്. ജൂലൈ 30 നുള്ളിൽ 18,35,000 ഡോസ്​ വാക്​സിന്‍ ഇവർ നല്കിയിട്ടുണ്ടായിരുന്നു.

പലയിടങ്ങളിലായി 55 സെന്‍ററുകളിലായിരുന്നു നഗരത്തിൽ വാക്സിൻ വിതരണം ചെയ്തത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി സെന്‍ററുകളിലുമായി 30 വാക്സിനേഷൻ കേന്ദ്രങ്ങളും വാഹനങ്ങളിലായി 10 വാക്​സിനേഷന്‍ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമായി 15 വിദ്യാലയങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.

നഗരത്തിലെ 100 ശതമാനം പേരും വാക്സിൻ സ്വീകരിച്ചെന്നും കുടിയേറ്റ തൊഴിലാളികളായ ഒരു ലക്ഷം പേര്‍ക്കും വാക്സിൻ കൊടുക്കാനായെന്നും ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമീഷണര്‍ അന്‍ഷുമന്‍ രാത്ത്​ ആണ് അറിയിച്ചത്. യാതൊരു തരത്തിലുള്ള മടിയും തടസവും കൂടാതെ വാക്സിൻ സ്വീകരിച്ച എല്ലാവർക്കും നന്ദിയും ഡെപ്യൂട്ടി കമീഷണര്‍ രേഖപ്പെടുത്തി.