സമൂഹത്തില്‍ മാറ്റംവരണം ഇനിയും ഒരുപാട്..

News Religion Writers Blog

അമിത എ

ഇന്നും സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവും താഴ്ത്തികെട്ടലും നിലനില്‍ക്കുന്ന ഈ സാമൂഹത്തില്‍ മൂന്നാം ലിംഗക്കാര്‍ എന്നും പറഞ്ഞു മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ആത്മഹത്യകള്‍ വന്നില്ലെങ്കിലെ സംശയിക്കേണ്ടതുള്ളൂ. എന്നാണു ഈ സാമൂഹത്തിനു ഒരു മാറ്റം സംഭവിക്കുക എന്ന് കാത്തിരിക്കുന്ന ഒരു ചെറിയ പക്ഷം ആളുകള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ അതിലേക്കുള്ള ദൂരം ഇനിയും ഒരുപാടാണ്. അപ്പോള്‍ ചോദിക്കും അതെന്തുകൊണ്ടാണെന്ന്. ഒരുപാട് നിയമങ്ങളൊക്കെ ഉള്ളതല്ലേ അപ്പോള്‍ പിന്നെ മാറ്റങ്ങള്‍ നമ്മുടെ കയ്യെത്തും ദൂരത്തല്ലേ എന്ന്.

അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് സുഹൃത്തെ ട്രാന്‍സ്‌ജെന്റേഴ്‌സ് എന്ന ഒരുമനുഷ്യ വിഭാഗത്തെ ഇപ്പോഴും സമൂഹത്തില്‍നിന്നും മാറ്റി നിര്‍ത്തുന്നത്. എന്തുകൊണ്ടാണ് ഇന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ പരിഹരിക്കനോ അവരല്ലാതെ മറ്റൊരാളും മുന്നോട്ടു വരാത്തത്. ഒരു മനുഷ്യരായേ അവരെ കണക്കാക്കുന്നില്ല പിന്നെയല്ലേ ലെ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത്.

ഇന്നും ജനങ്ങള്‍ പരസ്പരം പറയുന്നത്, വരും തലമുറയില്‍ അടിച്ചേല്‍പ്പിക്കുന്നത് അവര്‍ മൂന്നാം ലിംഗക്കാരാണെന്നും അവര്‍ മനുഷ്യരോട് പെരുമാറുന്നത് വളരെ മോശമായ രീതിയില്‍ ആയിരിക്കുമെന്നും കുട്ടികളെയും ആളുകളെയുമെല്ലാം തട്ടിക്കൊണ്ടുപോകുന്നവരാണെന്നും അങ്ങനെ അങ്ങനെ ഒരുപാട്….രീതികളിലാണ്. മാത്രമല്ല ഒമ്പതെന്നും ചാന്തുപൊട്ടെന്നും ഹിജടയെന്നുമൊക്കെയാണ് അവരെ അഭിസംഭോധന ചെയ്യുന്നത്. ഇത്തരം രീതികളില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ തന്നെയാണ്.

ഒന്ന് ചിന്തിക്കുമ്പോള്‍ ഇത്തരം അവഗണനയല്ലേ അവരെ ഇങ്ങനെയൊക്കെ ആക്കി മാറ്റുന്നത്. ഒരാള്‍ ജനിക്കുമ്പോഴേ ഇങ്ങനെ ആവണം അങ്ങനെ ആവണം എന്ന് പറഞ്ഞ് ജനിക്കുന്നില്ല. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും അവര്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളുമാണ് അവരെ മാറ്റി മറിക്കുന്നത്.

അത് തന്നെയല്ലേ സമൂഹം മാറ്റി നിര്‍ത്തുന്ന ഇവരിലും സംഭവിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ അതും ഇവരുടേതല്ലാത്ത കാരണത്താല്‍ അവഗണനകള്‍ നേരിടേണ്ടി വരുന്നവരാണ് ട്രാന്‍സ്‌ജെന്ററുകള്‍. താന്‍ ഒരു പുരുഷ ശാരീരത്തിനുള്ളിലെ സ്ത്രീയാണ് അല്ലെങ്കില്‍ സ്ത്രീ ശരീരത്തിനുള്ളിലെ പുരുഷനാണ് എന്ന തിരിച്ചറിവ് അവിടെ നിന്നും തുടങ്ങുന്നു ഈ അവഗണന. എന്നാല്‍ ഇത് മാനസിക പ്രശ്‌നമല്ലെന്നും അഭിനയമല്ലെന്നും മനസിലാക്കാനുള്ള സാമാന്യ വിവരമോ ബോധമോ നമ്മുടെ സമൂഹത്തിനു ഇന്നില്ല.

നമ്മള്‍ പറയും മറ്റാരു മനസിലാക്കിയില്ലെങ്കിലും സ്വന്തം മക്കളെ മാതാപിതാക്കള്‍ക്ക് മനസിലാക്കാതിരിക്കാന്‍ കഴിയില്ലെന്ന്. എന്നാല്‍ ഈ പറയുന്നവര്‍ക്ക് അതും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തം മാതാപിതാക്കളില്‍ നിന്നുമാണ് അവഗണനയുടെ തുടക്കം. സമൂഹത്തെ പേടിച്ചും ആളുകളുടെ നാവുകള്‍ പേടിച്ചും മാതാപിതാക്കള്‍ സ്വന്തം മക്കളെ മറച്ചു പിടിക്കുന്നു അല്ലെങ്കില്‍ ആരുമല്ലെന്നു പറഞ്ഞ് തെരുവിലേക്കിറക്കി വിടുന്നു. സ്വന്തം വീട്ടില്‍ നിന്നുമുള്ള അനുഭവം ഇതാണെങ്കില്‍ നാട്ടില്‍ നിന്നുമുള്ളതു പറയാനോ ?

ഇതിലും വലിയ അപമാനങ്ങളും കുത്തുവാക്കുകളും പീഡനങ്ങളുമാണ് അവരെ വീടിനു പുറത്തുള്ള സമൂഹത്തില്‍ കാത്തിരിക്കുന്നത്. അതെല്ലാം സഹിച്ച് മുന്നോട്ടു പോകുന്ന അവരുടെ മാനസികാലാവസ്ഥ എന്തെന്ന് ആരെങ്കിലും ചിന്തിക്കാനുണ്ടോ? ഈ അനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥ മാറുന്നതില്‍ തെറ്റ് പറയാനുണ്ടോ. ഓരോരുത്തര്‍ ഇവിടെ നിസാര കാരണങ്ങള്‍ പറഞ്ഞു ഡിപ്രെഷനിലേക്കും മറ്റു കുറ്റകൃത്യങ്ങളിലേക്കും എത്തുമ്പോള്‍ എന്നും അവഗണയും പുച്ഛവും പീഡനങ്ങളും നേരിടുന്ന ഇവരുടെ അവസ്ഥ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

എന്നാല്‍ ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോഴും അനന്യയുടെ തിരോധാനത്തില്‍ അവള്‍ക്കു ജീവിച്ചിരുന്നപ്പോഴും നീതി കിട്ടിയിട്ടില്ല മരിച്ചു മണ്ണോടു ചേര്‍ന്നപ്പോഴും നീതി കിട്ടുന്നില്ല. ദൈവം തന്നത് ഓപ്പറേഷന്‍ ചെയ്തു മാറ്റാന്‍ പോയിട്ടല്ലേയെന്നും ഉള്ളത് കൊണ്ട് ജീവിച്ചാല്‍ പോരായിരുന്നോ എന്നുമൊക്കെയാണ് അനന്യയുടെ ആത്മഹത്യയില്‍ ചിലര്‍ പ്രതികരിച്ചത്. മനസുകൊണ്ട് സ്ത്രീ ആയ അവര്‍ ശരീരം കൊണ്ടും അങ്ങനെയാവണം എന്നാഗ്രഹിച്ചാണ് ഇത്തരമൊരു ശസ്ത്രക്രിയയിലേക്ക് കടന്നത്. അതുപോലും മനസിലാക്കാന്‍ കഴിവില്ലാത്ത ഇങ്ങനെയുള്ള ആളുകള്‍ നമ്മുടെ സമൂഹത്തിലുള്ളിടത്തോളം എങ്ങനെയാണ് ഇവര്‍ക്ക് നീതി ലഭിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുക.

നാട്ടില്‍ പരക്കെ പറഞ്ഞു വരുന്ന ഒരു കാര്യമാണ് ട്രാന്‍സ്‌ജെന്ററുകള്‍ അനുഗ്രഹിച്ചാല്‍ നല്ലതു നടക്കുമെന്നും ഉയരങ്ങള്‍ ഉണ്ടാകുമെന്നും. അതിനുവേണ്ടി അവരെ സ്വാധീനിച്ച് അവരുടെ പക്കലെത്തുന്ന ഒരുപാട് ആളുകള്‍ നമ്മുടെ ഈ സമൂഹത്തില്‍ തന്നെയുണ്ട്. ഈ ആളുകള്‍ തന്നെയാണ് അവസരം കിട്ടുമ്പോള്‍ മറുകണ്ടം ചാടുന്നതും. അതുപിന്നെ അങ്ങനെ ആണല്ലോ പാലം കടക്കുന്ന വരെ നാരായണ നാരായണ, പാലം കടന്നാല്‍…

ഇനി മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ട്രാന്‍സ്‌ജെന്ററുകളിലോ നിയമത്തിലോ അല്ല. നമ്മുടെ സമൂഹത്തിന്റെ കണ്ണിലാണ്. നാം നോക്കി കാണുന്ന രീതിയിലാണ്. മൂന്നാംലിംഗക്കാര്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്താതെ മനുഷ്യരായി കണ്ടു ചേര്‍ത്ത് പിടിക്കുകയെല്ലേ വേണ്ടത്. ഒരുപക്ഷെ ഇവരെയും മനുഷ്യരായി കാണുന്ന ഒരു സമൂഹമുണ്ടെങ്കില്‍ ഇവരെ ചേര്‍ത്ത് പിടിക്കുന്ന ഒരു സമൂഹം ഉണ്ടെങ്കില്‍ ഇവരുടെ മേല്‍ ചാര്‍ത്തിയിരിക്കുന്ന ഈ ആരോപണങ്ങള്‍ എല്ലാം മണ്മറഞ്ഞു പോകുമായിരുന്നില്ലേ. നിയമങ്ങള്‍ വെറും പേപ്പറില്‍ എഴുതിയ വാചകങ്ങള്‍ മാത്രമാവരുതെന്നുകൂടി ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നു. ആനുകൂല്യങ്ങള്‍ക്കുപരി അവരുടെ അവകാശങ്ങള്‍ക്കാണ് നിയമം ഊന്നല്‍ നല്‍കേണ്ടത്. അത് പേപ്പറില്‍ എഴുതിയ വാചകങ്ങള്‍ മാത്രമാക്കാതെ സമൂഹത്തില്‍ പ്രതിഫലിപ്പിക്കുകയാണ് വേണ്ടത്.