മുള്ളമ്പാറ പീഡനക്കേസ് : രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

Crime Local News

മഞ്ചേരി : മുള്ളമ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. മുള്ളമ്പാറ ചേലേടത്തില്‍ സി ടി മുഹമ്മദ് ഷാഫി (37), വാക്കെതൊടി പറയങ്ങാടന്‍ അബ്ദുല്‍ റഷീദ് (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 15 വയസ്സായ രണ്ട് കുട്ടികളെയും 16 വയസ്സായ കുട്ടിയെയും പലതവണ മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപമുള്ള ഷെഡില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്നാണ് മുഹമ്മദ് ഷാഫിക്കെതിരെയുള്ള കേസ്. 16 വയസ്സായ ആണ്‍കുട്ടിയെ മുള്ളമ്പാറ പാടത്തിന് സമീപമുള്ള തോടിനടുത്തു വെച്ചും 15 വയസ്സായ കുട്ടിയെ പ്രതിയുടെ വീടിന് സമീപമുള്ള പറമ്പില്‍വെച്ചും പീഡിപ്പിച്ചുവെന്നാണ് അബ്ദുല്‍ റഷീദിനെതിരെയുള്ള കേസ്. കുട്ടികള്‍ വീട്ടുകാര്‍ക്കൊപ്പം മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയാണ് ഇരുവരെയും ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് മുള്ളമ്പാറയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

റിപ്പോർട്ട് : ബഷീർ കല്ലായി