തെരുവുനായയെ വിഷം വെച്ച് കൊന്നു കുഴിച്ചുമൂടി

Crime Keralam News

കാക്കനാട്: തെരുവുനായയെ ക്രൂരമായി പിടികൂടി വിഷം വെച്ച് കൊന്നു കുഴിച്ചുമൂടി. തൃക്കാക്കര നഗര സഭയുടെ നിർദേശപ്രകാരം നായകളെ കെണി വെച്ച് പിടിക്കുന്ന കോഴിക്കോട് സ്വദേശികളാണ് ഈ അതിക്രമം ചെയ്തത്.

എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എസ്. പി. സി. എസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ഈ ക്രൂരത പരസ്യമാക്കിയത്. ഈ വ്യാഴാഴ്ച രാവിലെ തൃക്കാക്കര നഗരസഭയിലെ ഈച്ചമുക്കിലെ ഗ്രീൻഗാർഡനിലാണ് സംഭവം നടന്നത്.

പ്രദേശവാസികൾ തന്നെ ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായകളെ വിഷം കുത്തിവെച്ച് കെ. എൽ 40 രജിസ്‌ട്രേഷനിലുള്ള പിക് അപ്പ് വാനിലേക്ക് എറിയുന്നത് കണ്ടവരുണ്ട്. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും സംഘം രക്ഷപെട്ടു.

തെരുവുനായകളെ കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എസ്.പി.സി.എ ക്ക് ലഭിക്കുകയും, സംഘടന സെക്രട്ടറി ടികെ സജീവിന്റെ നേതൃത്വത്തിൽ ഒരു സംഘം വിഷയം അന്വേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികൾ നഗരസഭയുടെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ താമസിക്കുന്ന വിവരം അറിഞ്ഞത്. ഇത് ഇൻഫോപാർക്ക് പൊലീസിനെ അറിയിക്കുകയും, നായകളെ കൊല്ലാനുപയോഗിച്ച സിറിഞ്ചും വിഷവുമടക്കം കണ്ടെത്തുകയും വാഹന ഉടമയായ പള്ളിക്കര സ്വദേശി സൈജൻ കെ ജോസിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. സംഘത്തിലെ മറ്റു മൂന്ന് പേർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.

കൊന്ന നായകളെ നഗരസഭയുടെ മാലിന്യനിർമാജന കേന്ദ്രത്തിലാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നാണ് അനുമാനം. വിഷയം വിവാദമായതോടെ ജഡം പുറത്തെടുത്തു പോസ്റ്മാർട്ടം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.