പെരിന്തല്‍മണ്ണയില്‍ രജിസ്‌ട്രേഷനില്ലാതെ 14 ഏക്കറില്‍ പ്ലോട്ട് വികസനം: നോട്ടീസ് അയച്ച് റെറ

Local News

തിരുവനന്തപുരം: കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയ്ക്കായി പ്ലോട്ട് വികസിപ്പിച്ച പ്രൊമോട്ടര്‍ക്ക് കെറെറ (കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മലപ്പുറം ജില്ല പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ 14.37 ഏക്കര്‍ ഭൂമിയില്‍ പ്ലോട്ട് വികസിപ്പിച്ച ലീഡര്‍ ക്യാപിറ്റല്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്‍ക്കാണ് അതോറിറ്റി നോട്ടീസ് അയച്ചത്. റെറ നിയമം സെക്ഷന്‍ 59(1) പ്രകാരം പിഴയീടാക്കാതിരിക്കാനായി കെറെറ മുമ്പാകെ മതിയായ കാരണം ബോധിപ്പിക്കാന്‍ അറിയിച്ചു കൊണ്ടാണ് പ്രൊമോട്ടര്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്.
കെറെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം പദ്ധതികളില്‍ നിന്ന് പ്ലോട്ടോ വില്ലയോ അപാര്‍ട്ട്‌മെന്റോ വാങ്ങിയാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് പൊതുജനങ്ങള്‍ക്ക് കെറെറ ചെയര്‍മാന്‍ ശ്രീ പി.എച്ച്. കുര്യന്‍ ജാഗ്രതാനിര്‍ദേശം നല്കി.