വ്യാജ രശീതി ഉപയോഗിച്ച് തട്ടിപ്പ് : നഗരസഭാംഗമായ ക്ഷേത്ര ജീവനക്കാരനെ പിരിച്ചു വിട്ടു

Crime Local News

മഞ്ചേരി : വ്യാജ രസീതി ഉപയോഗിച്ച് ക്ഷേത്രത്തില്‍ നിന്നും പണം അപഹരിച്ച ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. മഞ്ചേരി നഗരസഭാ കരുവമ്പ്രം വാര്‍ഡ് കൗണ്‍സിലറും മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായിരുന്ന പുത്തന്‍മഠത്തില്‍ വിശ്വനാഥനെയാണ് അന്വേഷണം നടത്തി പിരിച്ചു വിട്ടത്. അഡ്വ.കെ.ഇ. ശിവപ്രകാശിന്റെ അന്വേഷണ റിപ്പോര്‍ട്ട്, ട്രസ്റ്റി ബോര്‍ഡ് തീരുമാനം എന്നിവ പരിഗണിച്ചാണ് നടപടിയെന്ന് നോട്ടീസില്‍ പറയുന്നു. മഞ്ചേരി കരുവമ്പ്രം വിഷ്ണു കരിങ്കാളി ക്ഷേത്രത്തില്‍ വഴിപാട് അസിസ്റ്റന്റായാണ് വിശ്വനാഥന്‍ ജോലി ചെയ്തിരുന്നത്. ക്ഷേത്രത്തിലെ കൗണ്ടറില്‍ വരുന്ന വഴിപാടുകള്‍ ചീട്ടാക്കി തിരിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. കൗണ്ടറില്‍ ഭക്തര്‍ നല്‍കുന്ന തുക വ്യാജ റസീത് നല്‍കി സ്വീകരിച്ച് തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ വിശ്വനാഥനെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ആറ് വര്‍ഷമായി ക്ഷേത്രത്തില്‍ വഴിപാട് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. നടപടിക്കെതിരെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമീഷനറുടെ മുമ്പാകെ വിശ്വനാഥന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ഇതേ സമയം കുറ്റക്കാരനെന്ന് കണ്ടെത്തി ദേവസ്വം ബോര്‍ഡ് പരിച്ചുവിട്ട ജീവനക്കാരനെ നഗരസഭാംഗമായി തുടരാനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഗൃഹസമ്പര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങളും ആരോപണ വിധേയന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും സിപിഎമ്മും ഇടതുപക്ഷവും വിശ്വനാഥന്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കന്നതില്‍ നിന്നും തട്ടിപ്പു നടത്തിയതില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസികളുടെയും ദേവസ്വം ബോര്‍ഡിന്റെയും പണം അപഹരിച്ച വിശ്വനാഥന്റെ രാജി ഉണ്ടാവാത്ത പക്ഷം മുനിസിപ്പാലിറ്റിക്ക് മുന്‍പില്‍ സത്യാഗ്രഹമിരിക്കാനും വിശ്വാസികളെ കൂടി ഉള്‍പ്പെടുത്തി ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയില്‍ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടര്‍കുളം, ഷബീര്‍ കുരിക്കള്‍, ഇ കെ ഷൈജല്‍, ഫൈസല്‍ പാലായി, ജ്യോതീന്ദ്രന്‍, മുനവ്വര്‍ പാലായി തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോർട്ട്: ബഷീർ കല്ലായി