കാക്കിയിട്ട ക്രിമിനലുകളായി പിണറായി ഭരണത്തിൽ പോലീസ് അധഃപതിച്ചു : നൗഷാദ് മണ്ണിശ്ശേരി

Local News Politics

മലപ്പുറം : മുഖ്യമന്ത്രി പാർട്ടി സമ്മേളനങ്ങളിൽ അഭിരമിക്കുമ്പോൾ കേരളത്തിൽ പോലീസ് അഴിഞ്ഞാടുകയാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. കാവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ചിറക് യൂണിറ്റ് സംഗമങ്ങളുടെ പഞ്ചായത്ത് തല ഉദ്‌ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ പൗരന്മാർ മുതൽ സാധാരണ ട്രെയിൻ യാത്രക്കാർ വരെ പോലീസ് ക്രൂരതയ്ക്ക് ഇരയാവുന്ന കാഴ്ച നിത്യ സംഭവമായി മാറുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി.വി. അബ്ദുറഹിമാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാൻ സാഹിബ്, സിദ്ദീക്ക് മാസ്റ്റർ, ജലീൽ മാസ്റ്റർ, ഇ.പി. മുജീബ്, മുഹമ്മദ് ഖാൻ, ശംസുദ്ധീൻ കരിപ്പാലി, അനീസ് ഇരിവേറ്റി, നൗഷാദ് ഊർങ്ങാട്ടിരി, അനസ് കണ്ണിയൻ എന്നിവർ പ്രസംഗിച്ചു. കലാകായിക രംഗത്ത് പ്രതിഭ തെളിയിച്ച കാവനൂരിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു. മുൻകാല മുസ്ലിം ലീഗ് സംഘാടകരിൽ പ്രമുഖരായവരെ പൊന്നാട അണിയിച്ചു.