കേരള ബാങ്കിന്റെ നിലമ്പൂര്‍ ശാഖയിലെ മേശക്കടിയില്‍ മൂര്‍ഖന്‍

Local News

മലപ്പുറം: കേരള ബാങ്കിന്റെ നിലമ്പൂര്‍ മെയിന്‍ ബ്രാഞ്ചില്‍ ജീവനക്കാര്‍ക്ക് മുമ്പെയെത്തി കരിമൂര്‍ഖന്‍. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ജീവനക്കാരനായ ജലീല്‍ ബാങ്ക് തുറന്ന് കസേരയില്‍ ഇരുന്നപ്പോഴാണ് സമീപത്തെ മേശക്ക് കീഴില്‍ എന്തോ അനങ്ങുന്നതായി കണ്ടത്. കാല്‍ കൊണ്ടു ശബ്ദമുണ്ടാക്കിയപ്പോള്‍ മേശക്കടിയില്‍ നിന്ന് പുറത്തു
വന്ന കരിമൂര്‍ഖന്‍ ഫയലുകള്‍ക്കിടയിലേക്ക് കയറി. ഉടനെ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിന്റെ (ഇആര്‍എഫ്) സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് ഇ.ആര്‍.എഫ് അംഗവും പാമ്പുപിടിത്തത്തില്‍ പരീശീലനം നേടിയ അബ്ദുള്‍ മജീദ് ബാങ്കിലെത്തി നിമിഷ നേരം കൊണ്ടു കരിമൂര്‍ഖനെ വലയിലാക്കിയതോടെയാണ് ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസമായത്. മൂര്‍ഖനെ പിന്നീട് വനം വകുപ്പിന് കൈമാറി. ബാങ്കിന് സമീപമുള്ള സ്വകാര്യ
വ്യക്തിയുടെ സ്ഥലം കാടുകയറി കിടക്കുന്നതും അമിത ചൂടുമാണ് പാമ്പുകള്‍ തണുപ്പു തേടി ഇത്തരം സ്ഥലങ്ങളിലേക്ക് എത്താന്‍ കാരണം. ഇന്നലെ വടപുറത്തെ വാടക ക്വാര്‍ട്ടേഴ്‌സിലും മൂര്‍ഖന്‍ കയറിയിരുന്നു