വാഹന അപകടം : ആശ്രിതര്‍ക്ക് 19.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Local News

മഞ്ചേരി : വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 19,30,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജി ടി എച്ച് രജിത വിധിച്ചു. മമ്പാട് പൊങ്ങല്ലൂര്‍ മലയില്‍ തൊടിക ഇബ്രാഹിമിന്റെ മകന്‍ നിയാസ് മോന്‍ (28) ആണ് മരിച്ചത്. നിലമ്പൂരില്‍ നിന്നും എടവണ്ണയിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കാര്‍ ഇടിക്കുകയായിരുന്നു. 2019 ഫെബ്രുവരി 19നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നിയാസ് മോന്‍ സംഭവദിവസം തന്നെ മരിച്ചു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കം തുക ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കോഴിക്കോട് ശാഖയാണ് നല്‍കേണ്ടത്.