ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട മലപ്പുറത്തെ 16കാരിയെ തട്ടിക്കൊണ്ടുപോയ യുപി സ്വദേശി റിമാന്റില്‍

Crime Keralam News

മഞ്ചേരി : പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ യു പി സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പൂര്‍ മുഹമ്മദ് നവേദ് (18)നെയാണ് ഫെബ്രുവരി 17വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്. കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കരുവാരക്കുണ്ട് സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. വഴിയില്‍ വെച്ച് പ്രതിയെ കണ്ടു മുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോകുകയായിരുന്നു. ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് തീവണ്ടിയില്‍ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഉടന്‍ റെയില്‍വെ പൊലീസിന് സന്ദേശമയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വെ പൊലീസ് ഇരുവരെയും പിടികൂടി. ടൗണ്‍ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരുവാരക്കുണ്ട് പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം കാസര്‍ഗോഡെത്തി ഇരുവരെയും കൊണ്ടു വരികയായിരുന്നു. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പിതാവായ മുഹമ്മദ് ഹനീഫയെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി