ഓണം പ്രമാണിച്ച് നടന്നത് 750 കോടിയുടെ റെക്കോർഡ് മദ്യവിൽപ്പന

Keralam News

തിരുവോണം പ്രമാണിച്ച് കേരളത്തിൽ നടന്നത് റെക്കോർഡ് മദ്യവിൽപ്പന. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിൽ മൊത്തം 750 കോടിയുടെ മദ്യവിൽപനയാണ് നടന്നത്. ഉത്രാടദിനത്തിൽ മാത്രം 85 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കോടിയിലേറെ രൂപയുടെ മദ്യം ഒരു ഷോപ്പിൽ നിന്നും മാത്രം വിറ്റു. തിരുവനന്തപുരം ജില്ലയിലെ പവർഹൗസ് റോഡിലുള്ള ഷോപ്പിൽ നിന്നാണ് ഉത്രാടദിനത്തിൽ 1.04 കോടിയുടെ മദ്യം വിറ്റത്.

ബെവ്കോ ഔട്ട്ലെറ്റുകൾ വഴി 70 ശതമാനവും ബാറുകൾ വഴി 30 ശതമാനവും മദ്യ വിറ്റു. ഈ പ്രാവശ്യം കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിൽ നടപ്പിലാക്കിയ ഓൺലൈൻ വിൽപന വഴിമാത്രം 10 ലക്ഷം രൂപയുടെ മദ്യം വിറ്റിട്ടുണ്ട്. കോടതി നിർദേശപ്രകാരം ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ അധികമായി 181 കൗണ്ടറുകൾ കൂടി ബെവ്കോ പ്രവർത്തിപ്പിച്ചിരുന്നു.

ബീവറേജിന്‌ പുറമെ കണ്‍സ്യൂമര്‍ ഫെഡിനും ഈ ദിവസങ്ങളിൽ റെക്കോര്‍ഡ് വില്പനയായിരുന്നു. 150 കോടിയുടെ വിൽപ്പനയാണ് പത്ത് ദിവസം കൊണ്ട് നടന്നത്. ഇവയിൽ 90 കോടിയുടെ വില്‍പ്പന നടന്നത് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ഓണ വിപണികളിലൂടെയുമായിരുന്നു. മിച്ചമുള്ള 60 കോടി രൂപ ലഭിച്ചത് മദ്യഷാപ്പുകളിലൂടെയാണ്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും ഓണ വിപണികളും നിത്യോപയോഗ സാധനങ്ങള്‍ക്ക് അന്‍പത് ശതമാനം വിലകുറച്ച് വില്പന നടത്തി 45 കോടി രൂപ നേടി. മറ്റു സാധനങ്ങൾക്ക് പത്തു ശതമാനം മുതൽ മുപ്പത് ശതമാനം വരെയും ഇളവുകൾ ഉണ്ടായിരുന്നു. സംസ്ഥാന സഹകരണ വകുപ്പിന്റെ സഹകരണത്തോടെ കണ്‍സ്യൂമര്‍ ഫെഡ് ഇരുപതിനായിരത്തോളം ഓണവിപണികളായിരുന്നു പ്രവർത്തിപ്പിച്ചിരുന്നത്.

കഴിഞ്ഞ വർഷം കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പനയിലൂടെ 36 കോടിയാണ് ലഭിച്ചതെങ്കിൽ ഈ പ്രാവശ്യം അത് 60 കോടിയാണ്. മൊത്തം 39 വിദേശമദ്യഷോപ്പുകളിലൂടെയാണ് ഈ അറുപത് കോടി ലഭിച്ചത്.