പാരാലിംപിക്‌സ് ടോക്യോയിൽ തുടങ്ങുന്നു; മെഡൽ പ്രതീക്ഷയുമായി ഇന്ത്യ

India International News Sports

അംഗപരിമിതരായ കായിക താരങ്ങൾക്കുള്ള പാരാലിംപിക്‌സ് മത്സരങ്ങൾ ടോക്യോയിൽ തുടങ്ങുന്നു. 160 രാജ്യങ്ങളിൽ നിന്നുള്ള 4,400 അത്‌ലറ്റുകളാണ് ഈ വർഷത്തെ ഒളിപിംക്സിന്റെ ഭാഗമാവുന്നത്. 22 മത്സര ഇനങ്ങളാണ് ഈ വട്ടത്തെ പാരാലിംപിക്സിലുള്ളത്. മലയാളി ഷൂട്ടറായ സിദ്ധാര്‍ഥ് ബാബു അടക്കം ഇന്ത്യയിൽ നിന്നുള്ള 54 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

1960 ലാണ് അംഗപരിമിതിയുള്ള ആളുകൾക്കും ഒളിംപിക്‌സ് മത്സരം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാരാലിംപിക്‌സ് തുടങ്ങുന്നത്. 23 രാജ്യങ്ങളിലെ 400 കായിക താരങ്ങളായിരുന്നു ആദ്യവട്ടം പാരാലിംപിക്‌സിൽ പങ്കെടുത്തിരുന്നത്. ചൈനയിൽ നിന്നുള്ള താരങ്ങളാണ് 2004 മുതല്‍ ഒളിംപിക്സിൽ വിജയികളാവുന്നത്. അമേരിക്കയും ബ്രിട്ടനും അടുത്ത രണ്ട സ്ഥാനങ്ങളിൽ മാറിമാറിവരുകയും ചെയ്യും.

ഈ വർഷത്തെ മത്സരങ്ങളിൽ ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയുമാണ് ആദ്യ മത്സരങ്ങൾ. നിലവിലെ പ്രശ്ങ്ങൾ കാരണം രണ്ടു പേരുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ ടീം മത്സരങ്ങളിൽ നിന്നും പിന്മാറിയിട്ടുണ്ട്. ആറ് കായിക താരങ്ങള്‍ അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. അടുത്ത മാസം സെപ്റ്റംബര്‍ അഞ്ച് വരെയാണ് ഒളിമ്പിക്സ് നടക്കുന്നത്.

ഇന്ത്യൻ പാരാലിംപിക് ചരിത്രത്തിലാദ്യമായാണ് ഇത്രയധികം താരങ്ങളെ ഇന്ത്യ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ വട്ടത്തെ റിയോ പാരാലിംപിക്‌സിൽ ഹൈജംപ് മത്സരത്തിൽ സ്വർണം നേടിയ മാരിയപ്പന്‍ തങ്കവേലു ഈ വട്ടം ഇന്ത്യന്‍ പതാകയേന്തും. കഴിഞ്ഞ പതിനൊന്ന് പാരാലിംപിക്‌സിലും കൂടെയായി ആകെ പന്ത്രണ്ട് മെഡലുകൾ മാത്രമാണ് ഇന്ത്യ നേടിയത്. അഞ്ച് സ്വര്‍ണമുൾപ്പെടെ 15 മെഡലുകൾ ഈ വട്ടം നേടാൻ കഴിയുമെന്നാണ് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത്.