ഈന്തപ്പഴം അല്ല, ഇതാണ് കൗതുകമായ തെങ്ങിൻ കുലകൾ

Entertainment Keralam News

വടക്കഞ്ചേരി: ഈന്തപ്പഴം പോലെ തെങ്ങിൻ കുലകളുണ്ടായി കൗതുകമായിരിക്കുകയാണ് വടക്കഞ്ചേരിയിലൊരു തെങ്ങ്. അണക്കപ്പാറയ്ക്കടുത്ത് വഴുവക്കോട് ചെറുതൊടികയില്‍ രാജുവിന്റെ വീട്ടിലെ തെങ്ങിലാണ് ഒരു കുലയിൽ തന്നെ ഒരുപാടു മൊച്ചിങ്ങകളുണ്ടായത്.

കോട്ടയം പൂവരണിയിൽ നിന്ന് ആറുവർഷം മുൻപ് വാങ്ങിയ തെങ്ങിൻ തൈയാണ് ഇന്ന് ഏവർക്കും കൗതുകമായത്. ഒരു കുലയിലെ മൊച്ചിങ്ങ എണ്ണിയാൽ ഒതുങ്ങാത്തതാണ്. ചില മൊച്ചിങ്ങകൾ വളർന്നു നാളികേരമാവുന്നുണ്ട്. എല്ലാ ആവശ്യത്തിനും ഉപയോഗിക്കാനാവുന്ന നല്ല നാളികേരം തന്നെയാണിതെന്ന് രാജു പറയുന്നു.

മൂന്നുവർഷം മുൻപാണ് ആദ്യമായി തെങ്ങു കായ്ച്ചത്.അന്ന് തന്നെ ഇതിന്റെ പ്രത്യേകത രാജുവും വീട്ടുകാരും മനസിലാക്കിയിരുന്നു. ഇതിനോടൊപ്പം വാങ്ങിയ ഒരു തെങ്ങും ഇതേ പോലെ കായ്ച്ചിരുന്നെങ്കിലും അത് പിന്നീട് മുറിച്ചു മാറ്റി.ഈ തെങ്ങിനെ മുറിക്കാൻ തോന്നിയിലെന്നും, എങ്ങനെയാവുമെന്ന് കുറച്ചു വര്ഷം നോക്കാം എന്നുമാണ് വിചാരിച്ചിരുന്നതെന്ന് രാജു പറയുന്നു.

തെങ്ങിനോടൊപ്പം വ്യത്യസ്തനായ മറ്റൊരാൾ കൂടെ ഈ വീട്ടിലുണ്ട്, അലങ്കാര പൈനാപ്പിൾ ചെടി. പൂക്കൾക്ക് പകരം കുഞ്ഞു പൈനാപ്പിളാണ് ഈ വള്ളി ചെടിയിൽ ഉണ്ടാവുന്നത് എന്ന് തന്നെയാണ് ഇതിന്റെ കൗതുകവും.