വാക്സിൻ പാഴാക്കിയില്ല, കേരളത്തിന് ഇനിയും വാക്സിൻ അനുവദിക്കും- കേന്ദ്ര ആരോഗ്യമന്ത്രി

Health Keralam News

തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ വാക്സിൻ നൽകുന്നതിനുള്ള നടപടികൾ എടുക്കുമെന്ന് കേന്ദ്രം. വാക്സിൻ ഉത്പാദനം വര്ധിപ്പിക്കാനായതിനാൽ കൂടുതൽ വാക്സിൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നടത്തിയ ചർച്ചയിൽ പറഞ്ഞു. ഒപ്പം ഒരു വാക്സിൻ പോലും വെറുതെ കളയാതെ ഉപയോഗിച്ചതിലും കോവിഡ് മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞതിലും കേരളത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഈ മാസത്തേക്കും അടുത്ത മാസത്തേക്കുമായി 1.1 കോടി ഡോസ് വാക്സിനായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നൽകിയത്. ഓണാഘോഷം ആയതിനാൽ കൂടുതൽ കരുതൽ വേണമെന്ന നിർദേശവും അദ്ദേഹം മുന്നോട് വെച്ചിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ രണ്ടാംതരംഗം തരംഗം തുടങ്ങിയതെന്നും അതിനാലാണ് ദിവസേനയുള്ള കോവിഡ് കണക്കുകൾ കുറയാത്തതെന്നുമാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വിലയിരുത്തിയത്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ് കേരളത്തിലെ വാക്സിനേഷൻ എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകൾ ഇപ്പോഴും കുറയാത്ത അവസ്ഥയിൽ കാര്യങ്ങൾ നേരിട്ട് വന്നു വിലയിരുത്തുവാനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അടക്കമുള്ളവർ കേരളത്തിലേക്കെത്തിയത്. ഇന്ന് മുഖ്യമന്തിയുമായും ആരോഗ്യമന്ത്രിയുമായും അദ്ദേഹം സ്ഥിതി ചർച്ച ചെയ്തു. നാളെ മെഡിക്കൽ കോളേജും സന്ദർശിക്കും. കേരളത്തിലെ ബിജെപി സംസ്ഥാന നേതാക്കൾ കേരളത്തിലെ കോവിഡ് പ്രതിരോധത്തിനെതിരെ ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ച അവസരത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭിപ്രായങ്ങൾ വേറിട്ട് നിൽക്കുന്നതാണ്.