താനൂര്‍ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു.സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാന്‍ തുക കൈമാറി

Breaking Keralam News

മലപ്പുറം: താനൂരില്‍ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കൈമാറി. തിരൂര്‍ താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് തുക വിതരണം ചെയ്തത്. ബോട്ടപകടത്തില്‍ മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്.

ബോട്ടപകടത്തില്‍ ഭാര്യ സീനത്ത്, മക്കളായ ഫിദ ദില്‍ന, ഷഫ്ല, ഷംന, അസ്ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മല്‍ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. അപകടത്തില്‍ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ജല്‍സിയ മകന്‍ ജരീര്‍ എന്നിവരെ നഷ്ടമായ കുന്നുമ്മല്‍ മുഹമ്മദ് ജാബിറും മന്ത്രിയില്‍ നിന്ന് തുക ഏറ്റുവാങ്ങി.

അപകടത്തില്‍ മരണപ്പെട്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരന്‍ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ ഭാര്യ മുനീറയുടെ അഭാവത്തിലാണ് ഭര്‍ത്താവിന്റെ സഹോദരന് തുക കൈമാറിയത്. അപകടത്തില്‍ മരണപ്പെട്ട പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധീഖ്, മക്കളായ ഫാത്തിമ മിന്‍ഹ, മുഹമ്മദ് ഫൈസാന്‍ എന്നിവര്‍ക്കുള്ള നഷ്ടപരിഹാര തുക സഹോദരി സല്‍മയാണ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് താനൂരില്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു.