മുക്കു പണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍

Breaking Crime Local News

മഞ്ചേരി : മുക്കു പണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുജീബ് റഹ്മാന്‍ (42), കോഴിക്കോട് ഫറൂഖ് കോട്ടപ്പാടം സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ അഹമ്മദ് അല്‍ത്താഫ് (26) എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞു വരവെ മുജീബിനെ ഇടുക്കിയില്‍ നിന്നാണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കൊണ്ടോട്ടിയിലെ മൂന്ന് സഹകരണ ബാങ്കുകളില്‍ വ്യാജ സ്വര്‍ണം പണയം വച്ച സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സംഘത്തില്‍പ്പെട്ട മുസ്ല്യാരങ്ങാടി സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുജീബിന്റെ നേതൃത്വത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 20 ഓളം ബാങ്കുകളില്‍ വ്യാജ സ്വര്‍ണ്ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചത്. മുജീബിന്റെ നേത്യത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം തന്നെ ഇത്തരത്തില്‍ തട്ടിപ്പു നടത്തി വരുന്നതായി പൊലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയായ സ്ത്രീയെ ഫറൂഖ് പോലീസ് കഴിഞ്ഞ ആഴ്ച ബാങ്കില്‍ വ്യാജ സ്വര്‍ണ്ണം പണയം വെച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. നാലോളം കേസുകളാണ് അവിടെ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണം നല്‍കിയത് മുജീബ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് മുജീബ് ഒളിവില്‍ പോവുകയായിരുന്നു. പിടിയിലായ മുജീബിന് സമാന സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം കേസുകളും അല്‍ത്താഫിന് 5 ഓളം കേസുകളും നിലവിലുണ്ട്. കൂടുതല്‍ അന്വേഷങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡിയുടെ .നേത്യത്വത്തില്‍ കൊണ്ടോട്ടി എസ് ഐ ഫദില്‍ റഹ്മാനും പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി