മലപ്പുറം ജില്ലയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന, ഒറ്റ ദിവസം 736 കേസുകള്‍,പല പിടികിട്ടാപുള്ളികളും പിടിയില്‍

Breaking Crime Local News

മലപ്പുറം: മലപ്പുറം ജില്ലയില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായും, ജില്ലയിലെ കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.സുജിത്ത് ദാസ്.എസ്,ഐ.പി.എസ് അവര്‍കളുടെ നേതൃത്വത്തില്‍ ജില്ലയില്‍08.06.2023 തിയ്യതി വൈകുന്നേരം മുതല്‍ 09.06.2023 തിയ്യതി രാവിലെ 6 മണി വരെ പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ കുറ്റകൃതങ്ങളില്‍ ഏര്‍പ്പെട്ട് വരുന്ന നിരവധി കുറ്റവാളികളെ പിടികൂടി. പരിശോധനയില്‍ 736 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, നിരവധിമയക്കുമരുന്ന്/ലഹരി വില്‍പ്പനക്കാര്‍,അനധികൃത മൂന്നക്കനമ്പര്‍ ലോട്ടറിമാഫിയകള്‍, അനധികൃത മണല്‍ കടത്തുകാര്‍ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപുള്ളികളായ നിരവധി പേരും പോലീസ് പിടിയിലായിട്ടുള്ളതുമാണ്.
കാപ്പ നിയമ പ്രകാരം നാടുകടത്തിയ 3 പ്രതികള്‍ വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായി. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെരക്കപറമ്പ് എന്ന സ്ഥലത്ത് താമസക്കാരനായ മുഹമ്മദ് ഷരീഫ് (41), എന്നയാളെയും, കഞ്ചാവ് വില്‍പ്പനയടക്കം നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ പുത്തനങ്ങാടി എന്ന സ്ഥലത്ത് താമസിക്കുന്ന അജ്‌നാസ് (31)എന്നയാളേയും, ചോക്കാട് വാളക്കുളം ലക്ഷം വീട് കോളനി എന്ന സ്ഥലത്ത് താമസിക്കുന്ന ഫായിസ് (26), എന്നിവരെയുമാണ് കാപ്പ15(4) പ്രകാരം അറസ്റ്റ് ചെയ്ത് ബഹു. കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.
പോലീസ്പരിശോധനയില്‍ മാരക മയക്കു മരുന്ന് വിഭാഗത്തില്‍പ്പെട്ട എം ഡി എം എ യുമായി ഹബീബ് എന്നയാളെ മേലാറ്റൂര്‍ പോലീസും, നിഷാദ്(26), എന്നയാളെ പെരിന്തല്‍മണ്ണ പോലീസും പിടികൂടി.പെരിന്തല്‍മണ്ണ – മഞ്ചേരി പബ്ലിക് റോഡില്‍ മങ്കട, ആയിരനാഴിപ്പടി മില്ലിനു സമീപം KL-71-H-0002 നമ്പര്‍ കാറില്‍ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നതും മനുഷ്യാരോഗ്യത്തിന് ഹാനികരവുമായ മയക്കു മരുന്നിനത്തില്‍പ്പെട്ട 280 ഗ്രാം തൂക്കം വരുന്ന കഞ്ചാവും,6.90 ഗ്രാം ഹാഷിഷ് ഓയിലും വില്‍പ്പനയ്ക്കായി അനധികൃതമായി കൈവശം വച്ച വിജേഷ് (29) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അനധികൃത വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 12 ലിറ്റര്‍ മദ്യവുമായി ശിവന്‍(54), എന്നയാളെ വെയിയംകുന്നത്ത് വെച്ച് മഞ്ചേരി പോലീസും, സൈനുല്‍ ആബിദ്(33) ശിഹാബ്(35),എന്നിവരെ 12 ലിറ്റര്‍ മദ്യവുമായി പരപ്പനങ്ങാടി പോലീസും, പ്രശാന്ത്( 41), എന്നയാളെ 14 ലിറ്റര്‍ മദ്യവുമായി കുറ്റിപ്പുറം പോലീസും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതിനെതിരെയും, പൊതു സ്ഥലത്ത് മദ്യപിച്ചവര്‍ക്കെതിരെയുമായി 115 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മയക്കു മരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം ജില്ലയില്‍ 109കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇത്തരം സാമൂഹ്യവിരുദ്ധരായനിരവധി പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ പിടികൂടാനുള്ള വല വിരിച്ച് കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. ആയതിന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു . മാത്രമല്ല ജില്ലയിലെ പല സ്ഥലങ്ങളിലും രഹസ്യമായി നടത്തിവരുന്ന മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടങ്ങളെ സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ കേസുകളില്‍ പോലീസിനെ ഒളിച്ചും, കോടതിയില്‍ ഹാജരാകാതെയും ഒളിവില്‍ താമസിച്ചിരുന്ന 37 ഓളം പ്രതികളും,ജാമ്യമില്ലാ വാറണ്ടില്‍ പിടികിട്ടാനുണ്ടായിരുന്ന 125പ്രതികളും ഉള്‍പ്പെടെ 162കുറ്റവാളികളെയാണ് പോലീസ് ഒറ്റ രാത്രികൊണ്ട് പിടികൂടി നിയമത്തിന് മുമ്പില്‍ ഹാജറാക്കിയത്.കൂടാതെ ജില്ലയിലെ അതിര്‍ത്തികളും, പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ വാഹന പരിശോധനയില്‍ 4663വാഹനങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതായി കാണുകയും, ഇവരില്‍ നിന്നും 8,84,550/- രൂപ പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്.എസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐ മാര്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം പോലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പോലീസ് പ്രത്യേകം പരിശോധന നടത്തിയത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.