യുവാവിൻ്റെ മലദ്വാരത്തിൽ തറച്ചു കയറിയ എല്ല് നീക്കം ചെയ്തു

Local News

അരീക്കോട് : യുവാവിന്റെ മലദ്വാരത്തിൽ തറച്ചു കയറിയ എല്ലിൻ കഷ്ണം വിദഗ്ദമായി നീക്കം ചെയ്തു. കീഴുപറമ്പ് പഞ്ചായത്തിലെ 22 കാരനായ യുവാവ് തിങ്കളാഴ്ച രാവിലെ അസഹ്യമായ വേദനയെ തുടർന്ന് കുറ്റൂളിയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് ഡോക്ടർ നടത്തിയ വീഡിയോ പ്രോക്ടോസ്കോപ്പി പരിശോധനയിലാണ് മലദ്വാരത്തിൽ എല്ല് തറച്ചു നിൽക്കുന്നതായി കണ്ടത്. കഴിഞ്ഞ ദിവസം കോഴിയിറച്ചി കഴിക്കുമ്പോൾ അസാധാരണമായ എന്തോ ഇറങ്ങിപ്പോയതായി അനുഭവപ്പെട്ടിരുന്നുവെന്ന് യുവാവ് ഡോക്ടറോട് വ്യക്തമാക്കുകയുണ്ടായി. തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം ഡോക്ടർ വിദഗ്ധമായി എല്ല് പുറത്തെടുക്കുകയായിരുന്നു. എല്ലിന് 4 സെ.മീ. നീളമുണ്ട്. അത് ഉടനെ നീക്കം ചെയ്തില്ലായിരുന്നെങ്കിൽ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ അപൂർവമാണെന്നും ഡോക്ടർ പറഞ്ഞു.