തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചുപറിച്ചു

Breaking Crime Keralam News

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചുപറിച്ചു. പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ഈ മൃതദേഹം ആശുപത്രിയിലെത്തിച്ചുവെന്ന് പറയുന്ന ആംബുലന്‍സ് ജീവനക്കാരനായ അബ്ദുല്‍ ജലീല്‍ ഉള്‍പ്പെടെയുള്ളവരാണ് നായകള്‍ കടിച്ചുവലിക്കുന്ന വീഡിയോ സഹിതം പരാതിയുമായി രംഗത്തുവന്നത്. തിരൂരില്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങളാണിതെന്നാണ് പരാതി.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ മോര്‍ച്ചറിയ്ക്ക് പുറത്ത് പ്ലസ്റ്റിക് കവറില്‍വെച്ചതാണ് തെരുവ് നായ്ക്കള്‍ കടിച്ചു പറച്ചതെന്നാണ് പരാതി. രാത്രി 12മണിയോടെ താന്‍ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോഴാണ് നായകള്‍ കടിച്ചു വലിക്കുന്നതു കണ്ടതെന്ന് തിരൂരുകാരനും ആംബുലന്‍സ് ജീവനക്കാരനുമായ അബ്ദുല്‍ ജലീലല്‍ പറഞ്ഞു. ഇതോടെയാണ് നേരിട്ടുപോയി നോക്കിയത്.

അപ്പോള്‍ അതില്‍ ശരീരത്തിലെ കുടല്‍ഭാഗങ്ങള്‍വരെയുണ്ടെന്നും അബ്ദുല്‍ ജലീലല്‍ പറഞ്ഞു. പ്ലസ്റ്റിക് കവറില്‍നിന്നും എന്തോ കയറുപോലെ വലിക്കുന്നതാണ് ആദ്യം കണ്ടതെന്നും ഇതോടെ താന്‍ അടുത്തപോയി നോക്കുകയായിരുന്നു. ഈ നായകളെ താന്‍ സ്ഥിരം കാണാറുള്ളതിനാല്‍ അവ ഓടിപ്പോയില്ല. തുടര്‍ന്നു താന്‍ അന്നേ ദിവസം കൊണ്ടുവന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നും ജലീല്‍ ആരോപിച്ചു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ തന്നെയാണിതെന്നും താന്‍ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള മൃതദേഹങ്ങള്‍ കാണാറുണ്ടെന്നും ഇത് ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണെന്നും ജലീല്‍ ആരോപിച്ചു.
മുങ്ങിമരിക്കുന്ന മൃതദേഹങ്ങളും മറ്റും പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകഴിഞ്ഞാല്‍ വെള്ളം കുടിച്ച് ശരീരം വീര്‍ത്തതിനാല്‍ പലഭാഗങ്ങളും തുന്നികെട്ടാന്‍ പ്രായാസമുള്ളതിനാല്‍ ചിലര്‍ ഒഴിവക്കികളയുന്ന രീതിയുണ്ടെന്നും ഇത് തനിക്കാറിയാമെന്നും ജലീല്‍ പറഞ്ഞു.പുഴയിലും കുളത്തിലും മുങ്ങി മരിച്ച നിരവധി മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്കും തിരിച്ചു ഇവരുടെ വീടുകളിലേക്കും താന്‍ എത്തിച്ചിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.


ജലീലിന് പുറമെ മറ്റു ചില നാട്ടുകാരും ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ജീവനക്കാരുടെ വീഴ്ച മൂടിവെക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വശദീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി എം ഒയുടെ വിശദീകരണം.