കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം: നാല് തൊഴിലാളികള്‍ മരിച്ചു

Keralam Local News

കൊല്ലം പെരുമ്പുഴ കോവില്‍ മുക്കില്‍ കിണര്‍ക്കുഴിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട നാല് തൊഴിലാളികളും മരിച്ചു. ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. നൂറോളം അടി താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപടത്തില്‍പെട്ടവരെ പുറത്തെടുക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു.

തിരുവന്തപുരം സ്വദേശി പുതിയ വീട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് കിണറിന്റെ നിര്‍മ്മാണം. നൂറടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറില്‍ ആദ്യം രണ്ട് പേരാണ് ഇറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാതെ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് പേരും ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ് എത്തി നാല് പേരെയും പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് പേരെയും പുറത്ത് എത്തിച്ച ശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രയിലേക്ക് മാറ്റി.