മുഖ്യമന്ത്രിക്ക് കൂട്ട നിവേദനം അയച്ച് വെൽഫെയർ പാർട്ടി

Keralam Local News

അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വ്യാപാരികളും, പൊതുജനങ്ങളും ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രിക്ക് തപാൽ വഴി അയച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സെയ്താലി വലമ്പൂരിൻ്റെ നേതൃത്വത്തിലായിരുന്നു തപാൽ അയച്ചത്. വ്യാപാരികൾക്കും ജീവിക്കണം, എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കാമ്പയിൻ. നാല് ദിവസം നീണ്ടു നിന്ന ക്യാമ്പയിൻ ആയിരുന്നു ഇത്.

ഏറെ വിഷമത അനുഭവിക്കുന്ന വ്യാപാരികൾ വളരെ അനുഭാവപൂർവ്വമാണ് ഒപ്പ് ശേഖരണപരിപ്പാടിയിൽ സഹകരിച്ചത്. കട തുറക്കാനാവാതെ ഈ അവസ്ഥ സർക്കാർ തുടർന്നാൽ കുടുംബത്തോടെ തിരൂവിലേക്ക് ഇറങ്ങേണ്ടി വരുമെന്നും ചില വ്യാപാരികൾ പറയുന്നുണ്ടായിരുന്നു. ഇതിനെല്ലാം പരിഹാരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സർക്കാർ വ്യാപാരികൾക്ക് മുഴുവൻ ദിവസവും കട തുറക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് തിരൂർക്കാട് , ഷാനവാസ് അങ്ങാടിപ്പുറം, സക്കീർ അരിപ്ര, അബ്ദുസ്സലാം എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം അയച്ചത്.