ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള സിനിമയായി പ്രിയദർശന്റെ ഹംഗാമ 2

Entertainment News

കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ പേർ ഓണ്‍ലൈനിലൂടെ കണ്ട സിനിമയായി പ്രിയദർശന്റെ ‘ഹംഗാമ 2 ‘. ഏഴ് വർഷങ്ങൾക്കു ശേഷം പ്രിയദർശൻ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമായ ഹംഗാമ 2 ആണ് ജൂലൈ 26 മുതല്‍ ആഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ കൂടുതലാളുകൾ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

മലയാള ചലച്ചിത്രം മിന്നാരത്തിന്റെ റീമേക്ക് ആയ ഹംഗാമ 2 വിൽ പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി എന്നീ താരങ്ങളാണ് പ്രധാ കഥാപാത്രങ്ങളായി എത്തുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ആയ ചിത്രം എഴുപത് ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. 30 കോടി മുടക്കിയാണ് ഹോട്ട്സ്റ്റാര്‍ ഈ ചിത്രം സ്വന്തമാക്കിയിരുന്നത്.

ആമസോണ്‍ പ്രൈം വിഡിയോ ഷോ ആയ ഹോസ്റ്റല്‍ ഡെയ്‌സ് സീസണ്‍ 2വാണ് അന്‍പത് ലക്ഷം കാഴ്ചക്കാരായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത മിമി, ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്ത സിറ്റി ഓഫ് ഡ്രീംസ് എസ് 2, ആമസോണ്‍ പ്രൈം വിഡിയോ റിലീസ് ചെയ്ത രാകേഷ് ഓംപ്രകാശ് ചിത്രം തൂഫാന്‍ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഓൺലൈൻ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയത്.

പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മികച്ച റിലീസുകളുടെ ആകെ കാഴ്ചക്കാരുടെ എണ്ണം കണക്കുകൂട്ടി പട്ടിക തയ്യാറാക്കിയത് മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയായിരുന്നു.