ഓൺലൈനിൽ 21 ഗിയറുള്ള സൈക്കിൾ ഓർഡർ ചെയ്തു ; കിട്ടിയത് പഴയ സൈക്കിൾ ഭാഗങ്ങളെന്ന് പരാതി

Crime Local News

തൃശ്ശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെ കബളിപ്പിക്കപ്പെട്ടതായി പരാതി. ഡിസംബര്‍ 27-നാണ് കോലഴി സ്വദേശി ജയകുമാര്‍ ‘ഹൊബര്‍സെന്റ് മെസുസ’ എന്ന സൈക്കിളിന് ഓര്‍ഡര്‍ നല്‍കിയത്. പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള, 42,500 രൂപ വിലയുള്ള സൈക്കിളിന് 11,450 രൂപയായിരുന്നു ഓഫര്‍ പ്രൈസ്.

സൈക്കിൾ വ്യാഴാഴ്ച വീട്ടിലെത്തുകയും പണമടച്ച്‌ പെട്ടി പൊട്ടിച്ച്‌ നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ഗ്രേറ്റ് ഇന്‍ഡ്യ ട്രേയ്‌ഡേഴ്‌സ് എന്ന കമ്പനിയാണ് ഇതിന്റെ വിതരണക്കാര്‍. സ്ഥിരമായി ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡറുകള്‍ ചെയ്യാറുള്ള ജയകുമാര്‍ കമ്പനിയുടെ സ്‌പെഷല്‍ കസ്റ്റമര്‍ കൂടിയാണ്.

ഫ്രീ ഡെലിവറി ചാര്‍ജ് അടക്കമുള്ള സേവനങ്ങൾ ലഭ്യമായ ജയകുമാറിന് ഇത്തരമൊരു ദുരനുഭവം ആദ്യമായാണ്. സംഭവത്തെ തുടർന്ന് ബോക്‌സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.