കണ്ണൂർ യൂണിവേഴ്സിറ്റി വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ

Education Keralam News

വിവാദമായ കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിനെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രസ്താവന. സവർക്കറെയും ഗോൾവാൾക്കറെയും സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ പ്രസ്താവന വിവാദമായിരിക്കുന്നത്.

ഇന്ത്യയുടെ കരുത്ത് വൈവിധ്യങ്ങൾ ആണെന്നും സര്‍വകലാശാലകളിൽ വിവിധ ആശയങ്ങൾ പഠിപ്പിക്കണം എന്നും ഗവര്‍ണര്‍ പ്രതികരിച്ചു.സവർക്കറെയും ഗോൾവാക്കറെയും പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ എല്ലാം പഠിക്കണമെന്നും പഠന ശേഷം സംവാദങ്ങളിൽ ഏർപ്പടണം എന്നും ഗവർണർ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോൾവാൾക്കറിൻ്റെയും സവർക്കറിൻ്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ അടക്കം രംഗത്ത് വന്നിരുന്നു.ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് വിഭാഗത്തിലെ പാഠ്യപദ്ധതിയിലാണ് കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വര്‍ഗീയ പരാമര്‍ശങ്ങൾ ഉൾക്കൊള്ളുന്ന കൃതികള്‍ സിലബസില്‍ ചേർക്കുന്നത് അവക്ക് അംഗീകാരം നൽകുന്നതാണെന്ന ആരോപണം ഉയരുന്നുണ്ട്. സര്‍വകലാശാല കാവിവത്കരണത്തിൻ്റെ ഭാഗമാണെന്ന വാദമാണ് മറ്റു ചില വിഭാഗം ഉയര്‍ത്തിയത്.

എന്നാൽ, സിലബസിനെ പിന്തുണച്ച്‌ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍ പ്പെടുത്തിയതിലെ അപാകത പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. സിലബസ് പൂർണ്ണമായി മനസ്സിലാകാത്തത് കൊണ്ടാണെന്നും മാറ്റങ്ങൾ വരാം എന്നും വി സി പറഞ്ഞു