റേഷനരിച്ചാക്കിൽ രൂക്ഷഗന്ധം ; പരിശോധനയിൽ കണ്ടെത്തിയത് ചത്ത പാമ്പ്

Keralam News

വയനാട് : റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിയിലാണ് ചത്ത പാമ്പിനെ കണ്ടത്. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്ന് രണ്ടാഴ്‌ച മുൻപാണ് കുടുംബം അരി വാങ്ങിയത്. 50 കിലോ അരി രണ്ട് ചാക്കുകളിലാക്കി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചപ്പോഴാണ് ദ്രവിച്ച നിലയിൽ പാമ്പിനെ കണ്ടെത്തിയത്.

ആരോപണത്തെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.