പീഡനവും വ്യാജപരാതിയും : ഗായകനെ റിമാന്റ് ചെയ്തു

Crime Local News

മഞ്ചേരി : പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും പെണ്‍കുട്ടിയെക്കൊണ്ട് വ്യാജപരാതി കൊടുപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. ഗായകന്‍ തിരൂര്‍ നിറമരുതീര്‍ പാണക്കാട് വീട്ടില്‍ മുഹമ്മദ് അന്‍സാര്‍ (22)നെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്.
2023 മാര്‍ച്ച് 10ന് തന്നെ മൂന്നംഗ സംഘം കൂട്ട ബലാല്‍സംഗം ചെയ്തുവെന്നും പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പകല്‍ 11.30ന് താന്‍ ഊരകം പഞ്ചായത്ത് പടി വഴിയില്‍ നടന്നു പോകവെ കലുങ്കില്‍ മദ്യപിച്ചിരിക്കുകയായിരുന്ന ഒരു മലയാളിയും രണ്ട് ബംഗാള്‍ സ്വദേശികളും തന്നെ വാഴത്തോട്ടത്തിലൂടെ പിടിച്ചു വലിച്ച് കൊണ്ടുപോകുകയും മോട്ടോര്‍പുരയുടെ അടുത്തുള്ള ഗേറ്റില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തുവെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. ഫിംഗര്‍പ്രിന്റ് വിദഗ്ധരെത്തി വിരലടയാളങ്ങള്‍ പരിശോധിച്ചു. ഇതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ പരാതിക്കാരിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അന്‍സാറിന്റെ പ്രേരണ മൂലമാണ് കുട്ടി പരാതി നല്‍കിയതെന്ന് കണ്ടെത്തിയത്.
2022 മാര്‍ച്ച് മാസത്തിലാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം സ്‌കൂളില്‍ പരിപാടി നടത്താനായി എത്തിയതായിരുന്നു മാപ്പിളപ്പാട്ട് ഗായകനായ പ്രതി. ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും തുടര്‍ന്ന ബന്ധം പ്രണയമാവുകയുമായിരുന്നു. ഇതിനിടെ കുട്ടിയെ പലതവണ മലപ്പുറത്ത് കോട്ടക്കുന്നിലും ശാന്തിതീരം പാര്‍ക്കിലും കൊണ്ടുവന്ന പ്രതി കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിലുണ്ടായ ക്ഷതങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയും ഇത് പ്രശ്‌നമാകുകയും ചെയ്ത പ്രതി കാണിച്ച അതിബുദ്ധിയാണ് അയാള്‍ക്കു തന്നെ വിനയായത്.
കോട്ടക്കല്‍ പറപ്പൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ ഇക്കഴിഞ്ഞ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് യു കൃഷ്ണനുണ്ണി ഏപ്രില്‍ മൂന്നുവരെ റിമാന്റ് ചെയ്യുകയായിരുന്നു