ജീവനോടെയുള്ള കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിന് വീണ്ടും വീഴ്ച

Crime Health Local News

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ജീവനോടെയുള്ള കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശിയായ രമണനെയാണ് ജീവിച്ചിരിക്കെ മരിച്ചു പോയെന്ന് അധികൃതർ പറഞ്ഞത്. ഇന്നലെ രാത്രിയാണ് ഇയ്യാൾ മരിച്ചതായി ബന്ധുക്കളോട് പറഞ്ഞത്. ശേഷം മൃതദേഹം കൊണ്ടുപോകാനായി ആംബുലൻസുമായി ബന്ധുക്കൾ ആശുപത്രിയിലേക്കെത്തിയപ്പോഴാണ് വീഴ്ച മനസിലാവുന്നത്.

മൃതദേഹം അന്വേഷിക്കുന്നതിനിടയിൽ രമണൻ മരിച്ചിട്ടില്ലെന്നും വെന്റിലേറ്ററിൽ ചികിത്സയിലാണെന്നും മനസിലാവുന്നത്. മരിച്ച വിവരം അറിയിച്ചതിനെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം മൃതദേഹം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ബന്ധുക്കൾ നടത്തിയിരുന്നു. ഇതുകൂടാതെ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്കെത്തുകയും ആദരാഞ്ജലി അറിയിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ അച്ചടിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതർ കാണിച്ച വലിയ തെറ്റിനെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

ഗുരുതരമായ വീഴ്ചയാണിതെന്നും, വിഷയത്തിൽ കനത്ത നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെ മൃതദേഹം മാറിപ്പോയ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ തന്നെ ഇവിടെ വീഴ്ചകൾ വീണ്ടും ഉണ്ടാകുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.