വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾക്ക് പ്രത്യേക മാർഗരേഖയിറക്കി താലിബാൻ

Education International News

കാബൂൾ : അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലകളിൽ നിന്നും വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾക്ക് താലിബാൻ പ്രത്യേക മാർഗ്ഗരേഖ കൊണ്ടുവന്നു.അടുത്ത തിങ്കളാഴ്ച സ്വകാര്യ കോളേജുകൾ തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് താലിബാൻ പുതിയ മാർഗ്ഗരേഖ ഇറക്കിയത്. ഈ നിർദേശങ്ങൾ എല്ലാ കോളേജുകൾക്കും ബാധകമായിരിക്കുമെന്നാണ് താലിബാൻ പറയുന്നത്.

പഠിക്കാനെത്തുന്ന വിദ്യാർഥികൾ നിർബന്ധമായും മുഖം മറയ്ക്കുന്ന ഹിജാബ് ധരിച്ചിരിക്കണം. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരേ ക്ലാസ്സുകളിൽ ഇരുത്താൻ പാടില്ലെന്നും നിർബന്ധമായും ഇവർക്കിടയിൽ ഒരു മറവേണമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അദ്ധ്യാപികമാരെ മാത്രം ചുമതലപ്പെടുത്തണം. ഇതിനു യോഗ്യതയുള്ള വനിതാ അദ്ധ്യാപകരെ ലഭിച്ചില്ലെങ്കിൽ നല്ല സ്വഭാവമുള്ള വൃദ്ധരായ അധ്യാപകരെ പഠിക്കാൻ നിർത്തണം.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കോളേജിലേക്ക് പ്രവേശിക്കുന്നതിന് വ്യത്യസ്ത കവാടങ്ങൾ ഒരുക്കണം. ക്ലാസ്സു കഴിഞ്ഞ് പെൺകുട്ടികളെ വീടുകളിലേക്ക് അയച്ച് അഞ്ചു മിനിട്ടുകൾക്ക് ശേഷം മാത്രമേ ആൺകുട്ടികളെ വിടാവൂ. ഒരു തരത്തിലും ഇവർക്ക് ഇടപഴകാനുള്ള സാഹചര്യങ്ങൾ കോളേജിൽ ഒരുക്കരുതെന്നും മാർഗ്ഗരേഖയിൽ നിർദേശമുണ്ട്.