കള്ളപ്പണ തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ ലീഗ് അനുഭാവിയെ എല്‍.ഡി.എഫ് സഹകരണ മന്ത്രിയുടെ
പ്രൈവറ്റ് സെക്രട്ടറിയാക്കിയ നയതന്ത്രം

Breaking Crime Keralam Local News Politics

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള കള്ളപ്പണം പികൂടിയ മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ ലീഗ് അനുഭാവിയെ സഹകരണ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയ നയതന്ത്രം നടത്തിയതായി ആരോപണം. ആദായനികുതിവകുപ്പ് കേരളാ ചരിത്രത്തില്‍ ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപമായ 103 കോടി രൂപയാണ് എ.ആര്‍. നഗറില്‍നിന്നും കണ്ടുകെട്ടിയത്.
ഈതട്ടിപ്പുപുറത്തുവരാതിരിക്കാന്‍ മുസ്ലിം ലീഗും സി.പി.എമ്മും നടത്തിയ രഹസ്യനീക്കങ്ങളാണിപ്പോള്‍ ഓരോന്നായി പുറത്തുവരുന്നത്.
മുസ്ലിം ലീഗ് തനിച്ച് ഭരിക്കുന്ന ബാങ്കില്‍ അസിസ്റ്റന്റ് സെക്രട്ടറി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിന്റെ മാതൃസഹോദരീ പുത്രി ഇ.എന്‍ ചന്ദ്രികയും, സെക്രട്ടറി ഇവരുടെ ഭര്‍ത്താവ് വി.കെ ഹരികുമാറുമാണ്. ഇതോടെ യു.ഡി.എഫ് ഭരണത്തില്‍ മുസ്ലിം ലീഗും എല്‍.ഡി.എഫ് ഭരണത്തില്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസുമാണ് ബാങ്കിലെ തട്ടിപ്പുകളും കള്ളപ്പണനിക്ഷേപവും പുറത്തുവരാതിരിക്കാന്‍ പ്രതിരോധകവചം തീര്‍ക്കുന്നതെന്നാണ് ആരോപണം.

2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ പരിശോധന വിഭാഗം പരിശോധന നടത്തി ക്രമക്കേട് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന ഘട്ടത്തിലാണ് ലീഗ് അനുഭാവിയെ സി.പി.എം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ച് ഈ പ്രതിരോധന സംഘം ശക്തി തെളിയിച്ചത്.

യു.ഡി.എഫ് ബാങ്കുകളായ വേങ്ങര, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ലീഗ് അനുഭാവി പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് ലോക്കല്‍, ഏരിയാ കമ്മിറ്റി നേതൃത്വങ്ങള്‍പോലും അറിയാതെ ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിന്റെ ശുപാര്‍ശയില്‍ സഹകരണ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി വാഴിച്ചതെന്നും ആരോപണമുണ്ട്.

.
അബ്ദുല്‍റഷീദ് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാറായിരിക്കെ മുസ്ലീം ലീഗ് ഭരണത്തിലുള്ള തെയ്യാല സഹകരണ ബാങ്ക് സെക്രട്ടറിയായ ഇയാളുടെ സഹോദരന്‍ മുഹമ്മദ് അന്‍വറിനെ സ്വര്‍ണപണയ വിഷയത്തില്‍ തട്ടിപ്പടക്കമുള്ള ക്രമക്കേടിനെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്തിരുന്നു.
തുടര്‍ന്നു നടന്ന അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടന്ന പരാതി ഉയര്‍ന്നതോടെ അബ്ദുല്‍റഷീദിനെ കോഴിക്കോടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ഇടത് യൂണിയന്‍ നേതാവായിരുന്ന മുന്‍സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കണ്ണൂര്‍ സ്വദേശി രമേശ്ബാബുവിനെ മാറ്റിയാണ് പകരം ലീഗ് അനുഭാവി അബ്ദുല്‍റഷീദിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കയതും ഇവരുടെ ഇടപെടലിലൂടെയാണെന്ന് ആരോപണമുണ്ട്.
പാര്‍ട്ടി ഘടകങ്ങള്‍ അറിയാതെ സി.പി.എം അനുഭാവിപോലുമല്ലാത്ത അബ്ദുല്‍റഷീദിന് സഹകരണമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെ സി.പി.എം തിരൂരങ്ങാടി ഏരിയാ സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ എല്ലാ പ്രതിഷേധവും ജില്ലാ സെക്രട്ടറിയുടെ ഇടപെട്ടതോടെ അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.

തുടര്‍ന്ന് അബ്ദുല്‍റഷീദ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായതോടെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരായ അന്വേഷണങ്ങളെല്ലാം തടസപ്പെട്ടു. ഒതുക്കുങ്ങല്‍, തേങ്ങിപ്പലം എന്നീ മുസ്ലിം ലീഗ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരായ കേസുകളും അന്വേഷണങ്ങളുമെല്ലാം അട്ടിമറിച്ചു. യു.ഡി.എഫ് ഭരണത്തില്‍പോലും അനുവദിക്കാന്‍ ധൈര്യം കാണിക്കാത്ത തരത്തില്‍ പരപ്പനങ്ങാടി സര്‍വീസ് സഹകരണബാങ്കിന് ഹോളിഡേ ബ്രാഞ്ച് അടക്കം ലഭിച്ചു.

അതോടൊപ്പം എ.ആര്‍ നഗര്‍ സഹകരണബാങ്ക് അടക്കം ലീഗ് ബാങ്കുകളിലെയും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പ്രസിഡന്റായിരുന്ന കോഡൂര്‍ സഹകരണബാങ്കിലെയുമടക്കമുള്ള തട്ടിപ്പുകള്‍ മൂടിവെക്കപ്പെട്ടതായും ആരോപണമുണ്ട്.
എ.ആര്‍ നഗര്‍ബാങ്കില്‍ ബിനാമി അക്കൗണ്ടുകള്‍ വഴി കോടികളുടെ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാറിന് വിരമിച്ച ശേഷം സഹകരണ നിയമത്തിനു വിരുദ്ധമായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വഴിവിട്ട് നിയമിച്ചതായും ആരോപണമുണ്ട്. എസ്.എസ്.എല്‍.സിയും ജെ.ഡി.സിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഹരികുമാറിനെയാണ് സംസ്ഥാനത്താദ്യമായി വിദഗ്ദനെന്ന നിലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചതെന്നതാണ് ആരോപണ വിധേയര്‍ പറയുന്നത്. സി.പി.എം സഹകരണ ബാങ്കുകള്‍ക്ക്‌പോലും ലഭിക്കാത്ത ആനുകൂല്യമാണ് എ.ആര്‍ നഗര്‍ ബാങ്ക് സെക്രട്ടറിക്ക് ലഭിച്ചതെന്നും പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

സഹകരണ നിയമത്തില്‍ പറയാത്തതാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയെന്നും ബാങ്കില്‍ അഴിമതി നടത്തിയ ഹരികുമാറിനെ നിയമിക്കരുതെന്നും യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മുതല്‍ സഹകരണ രജിസ്ടാര്‍ വരെ 26 കുറ്റങ്ങളോളം കണ്ടെത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് അന്നത്തെ സഹകരണ ഹരികുമാറിന്റെ അപേക്ഷ അന്നത്തെ തള്ളിയത്. തുടര്‍ന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അപ്പീല്‍ നല്‍കിയാണ് ഹരികുമാറിനെ വഴിവിട്ട് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. സഹകരണ രജീസ്ട്രാറുടെ ഉത്തരവുപോലും തള്ളിക്കൊണ്ട് നോട്ടെഴുതിയാണ് ഹരികുമാറിനെ 60,000 രൂപ മാസശമ്പളത്തില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ നിയമനനോട്ടെഴുതിയതുപോലും അബ്ദുല്‍റഷീദാണെന്നും പറയുന്നു.
ഇതിനു പുറമെ അഴിമതിക്കാരനാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഹരികുമാറിനെ ബാങ്കിങ്‌മേഖല ആധുനീകരിക്കാനുള്ള സംസ്ഥാനതല കമ്മിറ്റി സ്ഥാനവും നല്‍കയെന്നും ഈ വഴിവിട്ട സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരമായി സി.പി.എം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അബ്ദല്‍റഷീദിന്റെ മകന്‍ അസീമിന് മുസ്ലിം ലീഗ് ഭരിക്കുന്ന വേങ്ങര സഹകരണബാങ്കില്‍ ജോലിയും നല്‍കിയതായും ആരോപണ വിധേയര്‍ ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. യൂത്ത്‌ലീഗ് നേതാക്കള്‍ക്കുവരെ 17 ലക്ഷം കോഴവാങ്ങി നല്‍കിയ തസ്തികയാണ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് സൗജന്യമായി നല്‍കിയതെന്നും ആരോപണമുണ്ട്.