വയോധികയെ കെട്ടിയിട്ട് കവർച്ച: ശേഷം 1000 തിരിച്ചു നൽകി കാലിൽ തൊട്ടു വന്ദനവും

Keralam News

പത്തനംതിട്ട: വയോധികയെ കെട്ടിയിട്ട് പണവും സ്വർണ്ണവും കവർന്നു. പന്തളത്തിലാണ് സംഭവം നടന്നത്. പട്ടാപകലായിരുന്നു കവർച്ച. പന്തളം നഗരസഭയിലെ ഏഴാം വാർഡ് കരയ്ക്കാട് ശാന്തകുമാരിയെയാണ് കെട്ടിയിട്ടു മൂന്നരപവന്റെ സ്വർണ്ണവും അലമാരയിൽ സൂക്ഷിച്ചു വെച്ച 8000 രൂപയും മോഷ്ടിച്ച് കൊണ്ടുപോയത്.

രണ്ടു യുവാക്കൾ ചേർന്നാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിലേക്ക് വാഴയില വേണം അത് വെട്ടാൻ എന്ന ആവശ്യവുമായാണ് യുവാക്കൾ വീട്ടിലെത്തിയത്. തുടർന്ന് പിച്ചാത്തിയെടുക്കാനായി ശാന്തകുമാരി അകത്തേക്ക് ചെന്നപ്പോൾ യുവാക്കളും കൂടെ ചെന്നു. ശേഷം കുടിക്കാനായി വെള്ളം ആവശ്യപ്പെടുകയും വയോധികയെ പിടിച്ച് കൈകൾ കെട്ടി വായ തോർത്തുകൊണ്ടു മൂടികെട്ടുകയും ചെയ്തു. വയോധിക അണിഞ്ഞിരുന്ന മോതിരം, കമ്മൽ, മൂന്നു വളകൾ ഉൾപ്പടെ നാല് പവന്റെ സ്വര്ണാഭരണങ്ങളാണ് ആദ്യം ഊരി വാങ്ങിയത്.

ശേഷം അലമാരയുടെ താക്കോൽ കൈക്കലാക്കി അതിൽ ഉണ്ടായിരുന്ന 8000 രൂപയും എടുത്തു. മോഷണം കഴിഞ്ഞു തിരിച്ചു പോകവേ മോഷ്ടാക്കളിൽ ഒരാൾ 1000 രൂപ വയോധികയ്ക്ക് നൽകി കാലിൽ തൊട്ടു നമസ്കരിച്ചാണ് പോയത്. വയോധികയുടെ അഭ്യർഥന പ്രകാരം കൈകളിലെ കേട്ട് അഴിച്ചു വിടുകയും ചെയ്തു. തുടർന്ന് വൃദ്ധ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു.