വാക്സിൻ സർട്ടിഫിക്കറ്റിൽ ജനന തിയ്യതി ഉൾപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം

India News

പുണെ: ജനനതീയതി അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമായിത്തുടങ്ങും. ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിനെടുത്തവര്‍ രാജ്യത്തെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടന്‍ പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുന്നേ രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര്, പ്രായം, ലിംഗം, റഫറന്‍സ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണ് നിലവിൽ ഉള്ളത്. ഇതിനൊപ്പം വാക്സിന്‍ സ്വീകരിച്ച ആളുടെ ജനന തീയതി ദിവസം-മാസം-വര്‍ഷം എന്ന ക്രമത്തില്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടതെന്ന് യു.കെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യു.കെ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്നും ബ്രിട്ടന്‍ നിലപാടെടുത്തിരുന്നു.യുകെയുടെ ഈ നിലപാടനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്നാണ് പറയപ്പെടുന്നത്.

വിദേശ യാത്ര നടത്തേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ ജനന തീയതി കൂടി ചേര്‍ത്ത ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാൻ പറ്റും.