മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങി ഒന്നര ടണ്‍ ഭാരമുള്ള ഉടുമ്പന്‍ സ്രാവ്

Local News

തിരുവനന്തപുരം : മത്സ്യത്തൊഴിലാളിയുടെ വലയിൽ പെട്ട ഉടുമ്പൻ സ്രാവിനെ തിരികെ കടലിലെത്തിക്കാനുള്ള ശ്രമത്തിനിടെ ചത്തു. തുമ്പയില്‍ നിന്നു വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ ബീമാപള്ളി സ്വദേശി ഷാഹുലിന്റെ കമ്പ വലയിലാണു സ്രാവ് പെട്ടത്. വലിയ വേളാപാര മത്സ്യം ആയിരിക്കുമെന്നു കരുതി തീരക്കടലില്‍ എത്തിക്കുകയും പിന്നീട് തിമിംഗല സ്രാവാണെന്ന് തിരിച്ചറിയുകയുമായിരുന്നു. വല അറുത്തു മാറ്റി ജീവന്‍ ഉണ്ടായിരുന്ന സ്രാവിനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു തിരികെ കടലില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുടുങ്ങിക്കിടക്കുമ്പോള്‍ ചെകിളയില്‍ വന്‍ തോതില്‍ മണല്‍ അടിഞ്ഞതിനെ തുടര്‍ന്നാണ് സ്രാവിന്റെ ദാരുണാന്ത്യം.മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പം വെക്കുന്ന സ്രാവ് ആയതുകൊണ്ടാണ് ഇതിന്റെ പേര് തിമിംഗല സ്രാവ് എന്നായത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്രാവിനെ കരയില്‍ കുഴിച്ചുമൂടുമെന്നു കഠിനംകുളം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.