ഇനി കോവിഡിന് ഹോ​മി​യോ​പ്പ​തിയിലും ചികിത്സ; അനുമതി നൽകി സംസ്ഥാ​ന ആ​യു​ഷ്​ വ​കു​പ്പ്

Health Keralam News

തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തിക്കും കോവിഡ് ചികിത്സയുടെ ഭാഗമാവാനുള്ള അനുമതി കൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കി സം​സ്ഥാ​ന ആ​യു​ഷ്​ വ​കു​പ്പ്. കോടതിയുടെ നിർദേശ പ്രകാരം ആ​യു​ഷ്​ മന്ത്രാലയത്തിന്റെ നിർദേശം അടിസ്ഥാനമാക്കിയുള്ള കോവിഡ് ചികിത്സയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിലെ കി​ട​ത്തി ചികിത്സിക്കാൻ സൗകര്യമുള്ള 34 ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും, 1070 ഹോ​മി​യോ ഡി​സ്​​പെ​ന്‍​സ​റി​ക​ളി​ലും കോവിഡ് രോഗികൾക്ക് ചികിത്സ ലഭിക്കും.

ഹോ​മി​യോ ചി​കി​ത്സ​ക്ക്​ ആദ്യമേ കേ​ന്ദ്ര ആ​യു​ഷ്​ മ​​ന്ത്രാ​ല​യം അനുമതി കൊടുത്തിരുന്നെങ്കിലും ഇത് സംബന്ധിച്ച് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഹോമിയോയ്ക്ക് കോവിഡിന്റെ പ്ര​തി​രോ​ധ മരുന്നായ ‘ആ​ഴ്സെ​നി​ക ആ​ല്‍​ബം’ വിതരണം ചെയ്യാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഹോമിയോ ചികിത്സയ്ക്കും അനുമതി നൽകണമെന്ന് സർക്കാരിനോട് ഡോക്ടർമാരും വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ വിഷയത്തിൽ കോടതി ഇടപെടുകയും അനുമതി നൽകുവാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് സർക്കാർ ഇതിനു തയ്യാറായത്. ഇതോടെ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനോടൊപ്പം കോവിഡ് രോഗികൾക്ക് ചികിത്സ നൽകാനും കഴിയും. ഹോമിയോപ്പതിയിൽ കോവിഡിനെതിരെയുള്ള മരുന്നുകൾ ഉണ്ടെന്നും, പക്ഷെ ആദ്യം മുതൽ ഈ വിഭാഗത്തെ അവഗണിക്കുകയുമായിരുന്നെന്നാണ് ഡോ​ക്​​ട​ര്‍​മാ​ര്‍ അഭിപ്രായപ്പെടുന്നത്.