സ്കൂളുകൾ തുറക്കൽ; ആദ്യഘട്ടത്തിൽ ക്ലാസുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം

Education Keralam News

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകൾ തുറന്ന് ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമായി ക്ലാസുകൾ ചുരുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങിയതിനു ശേഷമുള്ള സാഹചര്യങ്ങൾ കൂടെ വിലയിരുത്തിയാവും ക്ലാസ്സുകളുടെ സമയം കൂട്ടുക. ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷയുടെയും, പ്രവേശനത്തിന്റെയും ഇടയിൽ സ്കൂളുകൾ തുറന്നാൽ അധ്യാപകർക്ക് ബുദ്ധിമുട്ടാവുമെന്നും നിരീക്ഷണമുണ്ട്.

കോറോണയ്ക്കെതിരെയുള്ള പ്രതിരോധ ശേഷി കുട്ടികളിലാണ് കൂടുതലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചെങ്കിലും പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. ഇവർക്കുള്ള വാക്സിൻ ഇതുവരെ നല്കാനായിട്ടില്ല, എല്ലാ സമയത്തും ഇവർ മാസ്ക് ധരിക്കുമോയെന്ന് ഉറപ്പില്ല. ഇതുകൂടാതെ ഭക്ഷണം കഴിക്കുമ്പോഴും കളിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുന്നതെല്ലാം പ്രശ്നം തന്നെയാണ്. മുഴുവൻ ക്ലാസ്സുകളിലും എല്ലാ പിരീയഡും ക്ലാസ് വേണ്ടെന്നാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. യാത്രാ സൗകര്യം, ഷിഫ്റ്റ്, പീരിയഡ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ചർച്ചയ്ക്ക് ശേഷമേ തീരുമാനം എടുക്കുകയുള്ളൂ.

സുപ്രീം കോടതിയുടെ നിരീക്ഷണത്തിലായതിനാൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ഹയർ സെക്കന്ററി പരീക്ഷയ്ക്കാണ്. ഈ മാസം 23 മുതൽ ഒക്ടോബര് പകുതി വരെ പരീക്ഷയാണ്. ഇതോടൊപ്പം പ്ലസ് ഒന്നു പ്രവേശനത്തിനായുള്ള ആദ്യത്തെ അലോട്ട്മെൻറ് ഈ മാസം 22 ന് പ്രസിദ്ധീകരിക്കും. ഇതിനിടെയാണ് സ്കൂളുകൾ തുറക്കുന്ന കാര്യവും പരിഗണിക്കുന്നത്. സംസ്ഥാന- ജില്ലാ- സ്കൂൾ സ്ഥലങ്ങളിലെല്ലാം ചർച്ചകൾ നടത്തിയ ശേഷമേ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമാവൂ.