ചൈനയിലേക്കുള്ള വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നില്ല; കുരുക്കിലായി മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികൾ

Education Keralam News

വിമാന സർവ്വീസ് പുനഃരാരംഭിക്കാത്തതിനാൽ മടങ്ങിപ്പോകാൻ കഴിയാതെ ചെനീസ് യൂണിവേഴ്സിറ്റിയിലെ മലയാളി എം.ബി.ബി.എസ് വിദ്യാർഥികൾ. അയ്യായിരത്തിലധികം മലയാളി വിദ്യാർത്ഥികളാണ് തിരിച്ചു പോവാനാകാതെ നാട്ടിൽ അകപ്പെട്ടിരിക്കുന്നത്.

കോവിഡ് വ്യാപനം മൂലം നാട്ടിലെത്തിയ വിദ്യാർത്ഥികൾ ഒന്നര വർഷമായി ഇവിടെത്തന്നെയാണ്. കോവിഡ് കാരണം നിർത്തി വെച്ച വിമാന സർവ്വീസുകൾ ഒട്ടുമിക്ക രാജ്യങ്ങളും വീണ്ടും ആരംഭിച്ചെങ്കിലും ചൈന ഇതുവരെ വഴങ്ങിയിട്ടില്ല. മറ്റു രാജ്യക്കാരെ പ്രവേശിപ്പിക്കില്ല എന്നാണ് ചൈനയുടെ ഇപ്പോഴത്തെ നയം. ഈ നിലപാടാണ് വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയത്.

ഓൺലൈൻ ക്ലാസുകൾ കൊണ്ട് മാത്രം പഠനം പൂർത്തീകരിക്കാൻ കഴിയില്ലെന്നും പ്രാക്ടിക്കൽ ക്ലാസുകൾ കൂടി വേണമെന്നും വിദ്യാർഥികൾ പറയുന്നു. തങ്ങളുടെ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് കുട്ടികളുടെ പക്ഷം. ഒന്നുകിൽ വിമാന സർവ്വീസുകൾ പുനഃരാരംഭിക്കണമെന്നും അല്ലെങ്കിൽ നാട്ടിൽ പ്രാക്ടിക്കൽ ക്ലാസ് നടത്താൻ സൗകര്യം ചെയ്യണമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.