ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ; ഓഫ്‌ലൈനായി നടത്താൻ അനുമതി നൽകി സുപ്രിംകോടതി

Education Keralam News

കേരളത്തിലെ ഹയർ സെക്കന്ററി- വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷക്കാരുടെ പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ സുപ്രിംകോടതി അനുമതി നല്‍കി. കേരള സർക്കാർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി സുപ്രധാന തീരുമാനം എടുത്തത്. ഇതോടൊപ്പം പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി തള്ളി.

പരീക്ഷ നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തതിനാൽ പരീക്ഷകൾ നടത്താമെന്നും, ഇത് സംബന്ധിച്ചുള്ള വിശദമായ സത്യവാങ്മൂലം സർക്കാർ നൽകിയിട്ടുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി കൂടെ വന്നതിനാൽ അതനുസരിച്ച് പുതിയ ടൈം ടേബിള്‍ തയ്യാറാക്കുമെന്നും, പരീക്ഷ നടത്താനുള്ള എല്ലാ കാര്യങ്ങളും സജ്ജമാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അറിയിച്ചു.

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജികള്‍ സമർപ്പിച്ചിരുന്നത്. എന്നാൽ ഓണ്‍ലൈനായി പരീക്ഷകൾ നടത്താനാവില്ലെന്ന് സര്‍ക്കാര്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീംകോടതി അംഗീകരിച്ചത്.