ജി.എസ്.ടി പരിധിയിലേക്ക് പെട്രോളിയം ഉത്പന്നങ്ങളും; തീരുമാനം ഉടനെയുണ്ടാവില്ല

India News

ജി.എസ്.ടിയുടെ പരിധിയിലേക്ക് പെട്രോളിയം ഉത്പന്നങ്ങളെ കൊണ്ടുവരുന്ന കാര്യം ഇന്ന് നടത്തിയ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പരിഗണിച്ചില്ല. നിരവധി സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ വലിയ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ പ്രത്യേക കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിക്കാൻ തീരുമാനമായതായും സൂചനയുണ്ട്.

ജി.എസ്.ടിയുടെ പരിധിയിലേക്ക് പെട്രോളിയം ഉത്പന്നങ്ങളെ കൂടെ ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കെതിരെ സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് തന്നെ വിരുദ്ധമാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നാണ് സംസ്ഥാനങ്ങൾ അറിയിച്ചത്. പഞ്ചാബ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളാണ് എതിർപ്പ് തുറന്നു പറഞ്ഞത്.

പക്ഷെ എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നായിരുന്നു ഇതിനെതിരെ കേന്ദ്രം അറിയിച്ച നിലപാട്. വാറ്റ് സംബന്ധിച്ച് കേന്ദ്രത്തോട് തീരുമാനിക്കാതെ പല അവസരങ്ങളിലും നിരവധി സംസ്ഥാനങ്ങൾ ഉയർന്ന നികുതികൾ ഈടാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്. ഈ അവസ്ഥ മാറ്റി ഇന്ധനത്തിന്റെ വില കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇവയെ ജി.എസ്.ടിയുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളും ഈ നിർദേശം പാലിച്ചിരുന്നില്ല.